കുമരകം : പതിനാറു വർഷം തരിശുകിടന്ന ചാഴിവലത്തുകരി പാടത്ത് ഇന്നലെ കൊയ്ത് ആരംഭിച്ചു. കർഷക സംഘവും , പാടശേഖര സമതിയും ചേർന്നാണ് പാടത്ത് കൃഷി ആരംഭിച്ച് . കൃഷി വകുപ്പിൽ നിന്നും തരിശു നിലക്യഷിക്ക് അനുവദിച്ച തുകയും, 315 സർവ്വീസ് സഹകരണ ബാങ്ക് വായ്പയായി തന്ന തുകയും ചേർത്താണ് നെൽകൃഷിക്കായി പ്രവർത്തനം ആരംഭിച്ചത്. 2019 ലെ പ്രളയാനന്തരം കൃഷി തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി ഹിറ്റാച്ചി ഉപയോഗിച്ച് പുല്ലും കാടും നീക്കം ചെയ്യുകയും പുതുതായി വരമ്പുകൾ നിർമ്മിച്ചും ചാലുകൾ ആഴം കൂട്ടുകയും പുതിയ മോട്ടോർ തറ നിർമ്മിച്ച് മോട്ടോർ സ്വകാര്യ വ്യക്തിയിൽ നിന്നും വാടകക്ക് എടുത്തുമാണ് കൃഷി ആരംഭിച്ചത്. ആദ്യ കൃഷിയുടെ കൊയ്ത് തുടങ്ങി അടുത്ത ദിവസങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നെല്ല് പൂർണ്ണമായും നശിച്ചു.കൃഷിനാശം പാടശേഖര സമതി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിനെ ബോധ്യപ്പെടുത്തിയതിനേത്തുടർന്ന് കൃഷി വകുപ്പിൽ നിന്നും പുറം ബണ്ടിന്റെ നിർമ്മാണത്തിനായി 7 ലക്ഷം രൂപ അനുവദിക്കുകയും ബണ്ടിന്റെ നിർമ്മാണം പൂർത്തികരിച്ചാണ് ഇത്തവണ കൃഷി തുടർന്നത്. വലിയ കൊയ്തു മെഷീനുകൾ ഉപയോഗിച്ച് കൊയ്ത്ത് നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ കുമരകം കൃഷിവിക്ഞാന കേന്ദ്രം ഡോ: ജയലഷ്മിയുടെ നിർദ്ധേശ പ്രകാരം താഴ്ചയുള്ള പാടശേഖരങ്ങലെ നെല്ല് കൊയ്യുന്ന കൊയ്തു മെഷീൻ നൽകിയതിനേത്തുടന്നാണ് കൊയ്ത് ആരംഭിച്ചത്.പോരായ്മകൾക്കിടയിലും ഇത്തവണത്തെ കൃഷിയിൽ മികച്ച നെല്ലാണ് വിളഞ്ഞെതെന്ന് കർഷകർ പറഞ്ഞു. തരിശുനില കൃഷിക്കും കൊയ്തിനും പാടശേഖര സമതി ഭാരവാഹികളായ പി.ബി. അശോകൻ , ഷിജോ ജോൺ , ജയ്മോൻ മറുതാച്ചിക്കൽ , നിവിൽ അലിക്കുഞ്ഞ്, പുഷ്കരൻ കുന്നത്തു ചിറ, ബൈജു ചവറേപ്പുര, കുഞ്ഞുമോൻ , റ്റിബി തൈത്തറ തുടങ്ങിയവർ നേത്യത്വം നൽകി.