ദില്ലി: ദില്ലി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാൾ ഭരണം തുടരുന്നതിനെതിരെ പരാതി നല്കി ബിജെപി. കസ്റ്റഡിയിൽ ഇരുന്ന് ഭരിക്കുന്നത് അധികാര ദുർവിനിയോഗം ആണെന്നാണ് ബിജെപിയുടെ പരാതി. ലഫ്റ്റനൻറ് ഗവർണ്ണർക്കാണ് രേഖാമൂലം പരാതി നൽകിയത്. ലഫ്റ്റനൻറ് ഗവർണ്ണർ നിയമവശം പരിശോധിക്കുകയാണ്. അതിനിടെ കെജ്രിവാളിനായി തിഹാർ ജയിലിൽ സെൽ തയ്യാറാക്കിയിരിക്കുകയാണ് അധികൃതർ. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടാലുള്ള മുൻകരുതൽ നടപടി മാത്രമാണിതെന്നാണ് പ്രതികരണം.
മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലാണ് നിലവിൽ കെജ്രിവാള്. കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട് കെജ്രിവാൾ ഉത്തരവ് പുറത്തിറക്കിയിരുന്നു. കെജ്രിവാളിന്റെ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജൻഡാലും ലഫ്. ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നടപടി ക്രമങ്ങൾക്ക് വിരുദ്ധമാണെന്നാണ് പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതുപോലെ തന്നെ സൗജന്യ മരുന്നും പരിശോധനകളും തുടരാൻ കെജ്രിവാൾ നിർദേശം നൽകിയെന്ന് മന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചിരുന്നു. ദില്ലിയിലെ ജനങ്ങൾക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയിലെന്ന് കെജ്രിവാൾ അറിയിച്ചുവെന്നും സൗരവ് ഭരദ്വാജ് പറഞ്ഞു. കെജ്രിവാളിന് പിന്നാലെ പാർട്ടിയിലെ കൂടുതൽ നേതാക്കൾക്ക് ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് നൽകുമെന്നാണ് വിവരം.
മാർച്ച് 21ന് രാത്രി 9 മണിയോടെയാണ് ഇഡി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഇഡി സംഘം വാറണ്ടുമായി കെജ്രിവാളിന്റെ വീട്ടിലെത്തുകയായിരുന്നു. അതിനിടെ കെജ്രിവാളിന്റെ അറസ്റ്റിനെതിരെ എഎപിയുടെ പ്രതിഷേധം തുടരുകയാണ്. മോദിയുടെ ഏറ്റവും വലിയ ഭയം കെജ്രിവാള് എന്ന് രേഖപ്പെടുത്തിയ പ്രൊഫൈല്‍ പിക്ചറുമായി ആം ആദ്മി പാര്‍ട്ടി സോഷ്യൽ മീഡിയയിലും പ്രതിഷേധം തുടരുകയാണ്.