ദില്ലി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവിധ സ്ഥലങ്ങളിലായി നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 2.54 കോടി രൂപ പിടികൂടി. ഒരിടത്ത് വാഷിങ് മെഷീനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചെന്ന കേസിലായിരുന്നു പരിശോധന.
കാപ്രിക്കോർണിയൻ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്, ലക്ഷ്മിറ്റൺ മാരിടൈം, ഹിന്ദുസ്ഥാൻ ഇൻ്റർനാഷണൽ, രാജ്നന്ദിനി മെറ്റൽസ് ലിമിറ്റഡ്, സ്റ്റവാർട്ട് അലോയ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഭാഗ്യനഗർ ലിമിറ്റഡ്, വിനായക് സ്റ്റീൽസ് ലിമിറ്റഡ്, വസിഷ്ഠ കണ്സ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ഈ കമ്പനികളുടെ ഡയറക്ടർമാരും ബിസിനസ് പാർട്ണമാരുമായ വിജയ് കുമാർ ശുക്ല, സഞ്ജയ് ഗോസ്വാമി, സന്ദീപ് ഗാർഗ്, വിനോദ് കേഡിയ എന്നിവർ അന്വേഷണ പരിധിയിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദില്ലി, ഹൈദരാബാദ്, മുംബൈ, കൊൽക്കത്ത, കുരുക്ഷേത്ര എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തുകയാണ്. എന്നാൽ വാഷിംഗ് മെഷീനിൽ ഒളിപ്പിച്ച പണം എവിടെനിന്നാണ് കണ്ടെടുത്തതെന്ന് ഇഡി വെളിപ്പെടുത്തിയിട്ടില്ല.
സിംഗപ്പൂരിലെ ഗാലക്സി ഷിപ്പിംഗ് ആൻ്റ് ലോജിസ്റ്റിക്സ്, ഹൊറൈസൺ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് എന്നിവയിലേക്ക് 1800 കോടി രൂപയുടെ സംശയാസ്പദമായ പണമിടപാട് നടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അന്വേഷണം. ഈ രണ്ട് വിദേശ സ്ഥാപനങ്ങളും നിയന്ത്രിക്കുന്നത് ആൻ്റണി ഡി സിൽവ എന്ന വ്യക്തിയാണ്. ഈ കേസുമായി ബന്ധപ്പെട്ട പരിശോധനയിലാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. ആകെ 47 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.