കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും യുവതി കുട്ടിയെ തട്ടിയെടുത്തത് പുരുഷ സുഹൃത്തിനെ കബളിപ്പിക്കാൻ; സൗഹൃദം നഷ്ടമാകാതിരിക്കാൻ ഗർഭിണിയാണെന്നു സുഹൃത്തിനെ വിശ്വസിപ്പിച്ചു; സുഹൃത്തിനോടു പറഞ്ഞ കള്ളം സത്യമാക്കാൻ കുട്ടിയെ മോഷ്ടിച്ചു; കളമശേരി സ്വദേശിയായ യുവാവിനെ കസ്റ്റഡിയിൽ എടുത്തത് നീതുവിന്റെ മൊഴി ഉറപ്പിക്കാൻ

ഗാന്ധിനഗറിൽ നിന്നും
ജാഗ്രതാ ലൈവ്
സ്‌പെഷ്യൽ റിപ്പോർട്ടർ

Advertisements

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നീതു ആർ.രാജ് (മീനാക്ഷി-33) കുട്ടിയെ തട്ടിയെടുത്ത് പുരുഷ സുഹൃത്തിനോടു പറഞ്ഞ കള്ളം സത്യമാക്കാൻ. പുരുഷ സുഹൃത്തുമായുള്ള സൗഹൃദം നഷ്ടമാകാതിരിക്കാൻ താൻ ഗർഭിണിയാണ് എന്നു നീതു ഇയാളോടു പറഞ്ഞിരുന്നു. ഈ കുട്ടിയാണ് തന്റെ കയ്യിലിരിക്കുന്നതെന്നു പുരുഷ സുഹൃത്തിനെ വിശ്വസിപ്പിക്കാനാണ് കുട്ടിയെ തട്ടിയെടുത്തതെന്നാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ നടത്തിയ ചോദ്യം ചെയ്യലിൽ നീതു വെളിപ്പെടുത്തിയിരിക്കുന്നത്. ഈ കഥ പൂർണമായും ഉറപ്പിക്കാനാവാത്ത കൊണ്ടാണ് പൊലീസ് സാമ്പത്തികം മാത്രമല്ല വ്യക്തിപരമായ ചില കാരണങ്ങളും കുട്ടിയെ തട്ടിയെടുത്തിനു പിന്നിലുണ്ടെന്നു വ്യക്തമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ നിന്നും ഇടുക്കി സ്വദേശികളായ ദമ്പതികളുടെ കുട്ടിയെ തട്ടിയെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ യുവതി മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ ഹോട്ടലിലാണ് കഴിഞ്ഞിരുന്നത്. ഇവിടെ നിന്നാണ് ഗാന്ധിനഗർ പൊലീസ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്. തുടർന്നു, ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ യുവതിയെ ചോദ്യം ചെയ്യുകയായിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് യുവതി സുഹൃത്തുമായുള്ള ബന്ധത്തിന്റെ കഥ തുറന്നു പറഞ്ഞത്.

യുവതിയുടെ ഭർത്താവ് 11 വർഷത്തിലേറെയായി വിദേശത്തായിരുന്നു. ഇതിനിടെയാണ് കളമശേരി സ്വദേശിയായ യുവാവുമായി യുവതി സൗഹൃദത്തിലായത്. ഇടയ്ക്ക് ഇയാൾ സൗഹൃദത്തിൽ നിന്നും പിന്മാറുന്നതായി നീതുവിന് സംശയം തോന്നിയിരുന്നു. ഇതേ തുടർന്നു നീതു താൻ ഗർഭിണിയാണ് എന്ന് യുവാവിനോടു പറയുകയായിരുന്നു. യഥാർത്ഥത്തിൽ താൻ ഗർഭിണിയായെന്നും, ഗർഭം അലസിപ്പോയെന്നും പൊലീസിനോടു യുവതി പറയുന്നുണ്ട്. ഗർഭം അലസിപ്പോയതിനാലാണ് കുട്ടിയെ മോഷ്ടിക്കാനും, സുഹൃത്തായ യുവാവിനെ പറ്റിക്കാൻ പദ്ധതി തയ്യാറാക്കിയതെന്നും നീതു പറയുന്നു.

എന്നാൽ, നീതുവിന്റെ ഈ മൊഴി പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. നീതു പറയുന്നത് കൃത്യമായി ഉറപ്പാക്കണമെങ്കിൽ ഇവരെ വൈദ്യ പരിശോധനയ്ക്കു വിധേയരാക്കേണ്ടി വരും. ഇതിനായി വ്യാഴാഴ്ച രാത്രിയിൽ തന്നെ നീതുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കും. രാത്രിയിൽ പരിശോധന നടത്തി വെള്ളിയാഴ്ച രാവിലെ തന്നെ ഫലം പുറത്തു വിടുന്നതിനാണ് ആലോചിക്കുന്നത്. ഇത് കൂടാതെ നീതുവിന്റെ മൊഴി ഉറപ്പിക്കുന്നതിനായാണ് കളമശേരി സ്വദേശിയായ യുവാവിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഈ പരിശോധനകളെല്ലാം നടത്തിയ ശേഷം മാത്രമേ നീതുവിന്റെ അറസ്റ്റ് അടക്കം പൊലീസ് നടത്തൂ.

വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ ഇടുക്കി സ്വദേശികളോട് കുട്ടിയെ ചികിത്സയ്ക്കായി ആവശ്യപ്പെടുകയായിരുന്നു. നഴ്സാണ് എന്ന ധാരണയിൽ കുട്ടിയെ ഇവർക്ക് മാതാപിതാക്കൾ കൈമാറി. കുറച്ചധികം സമയം കഴിഞ്ഞിട്ടും കുട്ടിയെയുമായി ഇവർ തിരികെ എത്താതെ വന്നതോടെയാണ് ബന്ധുക്കൾ നഴ്സിംങ് ജീവനക്കാരെ സമീപിച്ചത്.

എന്നാൽ, തങ്ങൾ ആരും തന്നെ കുട്ടിയെ ഏറ്റെടുക്കാൻ എത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചതോടെ ആശങ്കയായി. തുടർന്നു നടത്തിയ പരിശോധനയിലാണ് കുട്ടിയെ മോഷ്ടിച്ചെടുത്താണ് എന്നു കണ്ടെത്തിയത്. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നീതുവാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നു കണ്ടെത്തിയത്. നീതുവിന്റെ സുഹൃത്തായ യുവാവിന് സംഭവവുമായി നേരിട്ട് ബന്ധമുണ്ടോ എന്നു പൊലീസിനു ഇനിയും ഉറപ്പിക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പൊലീസ് ഇയാളെ ഗാന്ധിനഗറിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ.

Hot Topics

Related Articles