തൃശൂർ : തൃശൂർ പൂരത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താൻ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേർന്നു. തൃശൂർ പൂരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി. സുരക്ഷ, ക്രമസമാധാന പാലനം എന്നിവ ഉറപ്പാക്കും. പെസോ നിർദ്ദേശങ്ങള്‍ കർശനമായി പാലിച്ചായിരിക്കണം വെടിക്കെട്ട് നടത്തേണ്ടത് ഫയർലൈനില്‍ നിന്ന് 100 മീറ്റർ അകലത്തില്‍ ബാരിക്കേഡ് നിർമ്മിച്ച് കാണികളെ സുരക്ഷിതമായി നിറുത്തണം. ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍, എന്നിവയും നിരോധിത രാസവസ്തുക്കള്‍ ചേർത്ത വെടിക്കെട്ട് സാമഗ്രികളും ഉപയോഗിക്കരുത്. വെടിക്കെട്ട് ലൈസൻസുള്ളവരില്‍ അനുഭവപരിജ്ഞാനമുള്ളവരെ നിയോഗിക്കാനും യോഗം തീരുമാനിച്ചു.
ക്രമസമാധാന പാലനത്തിന് അയല്‍ജില്ലകളില്‍ നിന്നുള്‍പ്പെടെ ആവശ്യത്തിന് പൊലീസിനെ വിന്യസിക്കും. പൂരദിവസങ്ങളില്‍ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിന് ക്രമീകരണങ്ങള്‍ ഏർപ്പെടുത്തും. പൂരപറമ്പില്‍ ഹെലികാം/ ഡ്രോണ്‍ എന്നിവ അനുവദിക്കില്ല. പൊലീസ് കണ്‍ട്രോള്‍ റൂമും മിനി പൊലീസ് ഫെസിലിറ്റേഷൻ എയ്‌ഡ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിക്കും കൃത്യമായ ആനപരിപാലന പദ്ധതി തയ്യാറാക്കാനും എലിഫെന്റ് സ്‌ക്വാഡ് രൂപീകരിക്കാനും നിര്‍ദേശം നല്‍കി. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് തൃശൂര്‍ കോര്‍പറേഷന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തേക്കിന്‍കാട് മൈതാനിയിലെ ഫയര്‍ ഹൈഡ്രന്റ് പ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ ഫയര്‍ ഓഫീസര്‍ക്കും മണ്ണെണ്ണ, പെട്രോള്‍ പമ്ബുകള്‍ കാലിയാക്കി അടച്ചിടുന്നതിന് ജില്ലാ സപ്ലൈ ഓഫീസര്‍ക്കും നിര്‍ദേശം നല്‍കി. കളക്ടറേറ്റ് എക്സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സിറ്റി പൊലിസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, സബ് കളക്ടര്‍ മുഹമ്മദ് ഷെഫീക്ക്, അസി. കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം കെ സുദര്‍ശന്‍, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം അധികൃതര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവർ പങ്കെടുത്തു.