വയനാട്: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചക്ക് 12 മണിക്കാണ് പത്രികാസമർപ്പണം.ഇതിന് മുന്നോടിയായി കല്‍പ്പറ്റ ടൗണില്‍ റോഡ്ഷോയുമുണ്ടാകും. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് റോഡ്ഷോയില്‍ അണിനിരക്കുക. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ റോഡ്ഷോയുടെ ഭാഗമാവും. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോ സിവില്സ്റ്റേഷന് പരിസരത്ത് അവസാനിപ്പിച്ച ശേഷമായിരിക്കും വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ രേണുരാജിന് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കുക.
കേരളത്തിലെ 20 മണ്ഡലങ്ങളിലെയും മാസ് ക്യാമ്പയിന്റെ തുടക്കമായിരിക്കും രാഹുലിന്റെ കല്‍പ്പറ്റയിലെ റോഡ്ഷോയെന്ന് നേതാക്കള്‍ പറഞ്ഞു.എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ ഒമ്പതിന് സര്‍വീസ് സഹകരണ ബാങ്ക് പരിസരത്തു നിന്നാരംഭിച്ച് എസ് കെഎംജെ സ്കൂള്‍ പരിസരത്ത് സമാപിക്കുന്ന റോഡ് ഷോക്ക് ശേഷമാണ് കലക്ടറേറ്റിലെത്തി പത്രിക സമർപ്പിക്കുക. രാവിലെ 10ന് നടക്കുന്ന പത്രികാ സമര്‍പ്പണത്തില്‍ സ്ഥാനാർഥിക്കൊപ്പം കുക്കി സമര നേതാവ് ഗ്ലാഡി വൈഫേയി കുഞ്ചാന്‍, തമിഴ്നാട് സത്യമംഗലത്ത് വീരപ്പന് വേട്ടയുടെ മറവില്‍ പൊലീസ് അതിക്രമത്തിന് ഇരയാക്കപ്പെട്ടവരും സംബന്ധിക്കും. പാര്‍ലമെന്റ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 5,000ല്‍പരം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്കാളികളാകുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു പറഞ്ഞു.