തിരുവല്ല : ചുമത്രയിൽ അടച്ചിട്ടിരുന്ന വീടിൻ്റെ മുൻ വാതിൽ കുത്തിത്തുറന്ന് മോഷണം. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും മുപ്പതിനായിരം രൂപയും കവർന്നു. ചുമത്ര പുനക്കുളത്ത് ജോജി മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വ്യാഴാഴ്ച രാവിലെയാണ് മോഷണ വിവരം പുറത്തിറഞ്ഞത്. കുടുംബ സമേതം ദുബായിൽ താമസിക്കുന്ന ജോജി മാത്യുവിന്റെ മാതാവ് മറിയാമ്മ മാത്യു ആണ് വീട്ടിൽ താമസിച്ചിരുന്നത്. ബുധനാഴ്ച വൈകിട്ട് വീട് പൂട്ടിയശേഷം മറിയാമ്മ കുടുംബ വീട്ടിലേക്ക് പോയിരുന്നു. വ്യാഴാഴ്ച രാവിലെ വീട്ടിൽ തിരികെ എത്തിയപ്പോഴാണ് മുൻ വാതിൽ കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്.
വീടിന് പുറത്ത് സ്ഥാപിച്ചിരുന്ന മൂന്ന് സിസിടിവി ക്യാമറകൾ നശിപ്പിക്കപ്പെട്ട നിലയിലും ദിശ മാറ്റിയ നിലയിലും ആണ്. ഹാർഡ് ഡിസ്ക് മോഷ്ടാക്കൾ കൊണ്ടുപോയി. വീട്ടിലെ മൂന്ന് കിടപ്പുമുറകളിലെയും അലമാരകൾ കുത്തിത്തുറന്ന നിലയിലാണ്. രണ്ട് പവൻ തൂക്കം വരുന്ന വളയും ഒരു പവൻ തൂക്കം വരുന്ന മോതിരവും ആണ് നഷ്ടപ്പെട്ടത്. തിരുവല്ല പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. വീടിൻ്റെ പിൻവശത്തെ മതിൽ ചാടി കടന്നാവാം മോഷ്ടാക്കൾ എത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.