കാസർകോട്: ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ വർഗീയ വാദിയെന്ന് വിളിച്ച യുഡിഎഫ് സ്ഥാനാർഥിയും എംപിയുമായ രാജ്മോഹൻ ഉണ്ണിത്താനെതിരെ മാധ്യമപ്രവർത്തകുടെ സംഘടനയായ കെയുഡബ്ല്യുജെ. രാജ്മോഹൻ ഉണ്ണിത്താന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തിൽ സംഘടന പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മാധ്യമ പ്രവർത്തകനെ വർഗീയവാദിയെന്ന് വിളിച്ചത് അംഗീകരിക്കാനാകില്ലെന്നും സംഘടനയുടെ കാസർകോട് യൂണിറ്റ് അറിയിച്ചു. പരാമർശ സമയത്തുതന്നെ തിരുത്തണമെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടതാണ്.
എന്നാൽ ഉണ്ണിത്താൻ അതിന് തയ്യാറായില്ല. തെരഞ്ഞെടുപ്പ് സമയമായതിനാണ് സംഘടന പരസ്യ പ്രതിഷേധത്തിലേക്ക് പോകാത്തത്. എന്നാൽ, വിഷയം ഡിസിസി നേതൃത്വത്തെയും യുഡിഎഫ് നേതൃത്വത്തെയും അറിയിക്കാനാണ് തീരുമാനം. ഉണ്ണിത്താൻ പ്രസ്താവന തിരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. കാസർകോട് പ്രസ് ക്ലബ് സംഘടിപ്പിച്ച ജനസഭ എന്ന പരിപാടിയിലായിരുന്നു വിവാദത്തിനടിസ്ഥാനമായ സംഭവം നടന്നത്.