‘ഉടന്‍ പുറത്തു കാണാം’; തിഹാര്‍ ജയിലില്‍ നിന്ന് മനീഷ് സിസോദിയയുടെ കത്ത് 

ന്യൂഡല്‍ഹി: ഉടന്‍ ജയില്‍ മോചിതനാകുമെന്നതിന്റെ സൂചന നല്‍കി ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കത്ത്. ‘ഉടന്‍ പുറത്തു കാണാം’ എന്നെഴുതിയ കത്ത് തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് തിഹാര്‍ ജയിലില്‍ നിന്ന് സിസോദിയ എഴുതിയത്. സ്വാതന്ത്ര്യസമര സേനാനികള്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ നടത്തിയ കൊടുംക്രൂരതകളെയാണ് തന്റെ ജയില്‍ വാസവുമായി സിസോദിയ താരതമ്യപ്പെടുത്തുന്നത്. 

Advertisements

മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസത്തിനുമായി പോരാടിയവരാണ് നമ്മുടെ പൂര്‍വ്വികള്‍ എന്നും സിസോദിയ കത്തില്‍ സൂചിപ്പിക്കുന്നു. വികസിത രാജ്യത്തിന് വിദ്യാലയങ്ങളും വിദ്യാഭ്യാസവും അനിവാര്യമാണെന്നും സിസോദിയ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ബ്രിട്ടീഷ് ഏകാധിപത്യത്തിന് ശേഷം സ്വാതന്ത്ര്യം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. എല്ലാവരും സ്വാതന്ത്ര്യത്തിനായി പോരാടി. സമാനമായി, സൗജന്യവും മികച്ചതുമായ വിദ്യാലയങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയാണ് നമ്മള്‍ പോരാടുന്നത്. ബ്രിട്ടീഷുകാര്‍ അവരുടെ അധികാരത്തില്‍ അഭിമാനം കൊണ്ടിരുന്നു. ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തി ജനങ്ങളെ തുറുങ്കിലടച്ചു. ഗാന്ധിയെ ബ്രിട്ടീഷുകാര്‍ വര്‍ഷങ്ങളോളം ജയിലിലടച്ചു. നെല്‍സണ്‍ മണ്ടേലയെ ജയിലില്‍ അടച്ചു. ഇവരെല്ലാം നമ്മുടെ കരുത്തും പ്രചോദനവുമായിരുന്നു. ഒരു വികസിത രാജ്യത്തില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസവും വിദ്യാലയങ്ങളും അനിവാര്യമാണ്. അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന്റെ കീഴിലാണ് ഡല്‍ഹിയില്‍ വിദ്യാഭ്യാസ വിപ്ലവം സംഭവിച്ചത് എന്നതില്‍ ഞാന്‍ സന്തോഷവാനാണ്.’ മനീഷ് സിസോദിയ കത്തില്‍ പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി മണ്ഡലത്തിലെ ജനങ്ങളെ കാണാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ടെന്നും ഭാര്യയെ സംരക്ഷിച്ചതില്‍ നന്ദിയുണ്ടെന്നും സിസോദിയ കത്തിലൂടെ അറിയിച്ചു. ‘ജയിലില്‍ കിടന്നതിന് ശേഷം എല്ലാവരോടുമുള്ള സ്‌നേഹം വര്‍ദ്ധിച്ചു. നിങ്ങള്‍ എന്റെ ഭാര്യയെ വളരെയധികം പരിപാലിച്ചു. നിങ്ങളെ എല്ലാവരേയും കുറിച്ച് പറഞ്ഞ് സീമ വികാരഭരിതയായിട്ടുണ്ട്. എല്ലാവരും സുഖമായി ഇരിക്കുക’ എന്നായിരുന്നു കത്തിലെ വാചകങ്ങള്‍.

മദ്യനയ അഴിമതിക്കേസില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 26നായിരുന്നു മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 6 ന് സിസോദിയയുടെ ജാമ്യഹര്‍ജി പരിഗണിക്കും.

Hot Topics

Related Articles