ഗുവാഹാട്ടി: ഐഎസ്‌എല്ലില്‍ അവസാനമില്ലാതെ കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർ തോല്‍വികള്‍. ലീഗില്‍ ഇടവേളയ്ക്കുമുമ്ബുള്ള ആദ്യ ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീം രണ്ടാം ഘട്ടത്തില്‍ പതറുകയാണ്.എവേ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടാണ് ഒടുവില്‍ തോറ്റത്. കഴിഞ്ഞ ഒമ്ബതു കളികളില്‍ ടീമിന്റെ ഏഴാം തോല്‍വി. 84-ാം മിനിറ്റില്‍ നെസ്റ്റർ ആല്‍ബിയാക്കും ഇൻജുറി ടൈമില്‍ മലയാളി താരം ജിതിൻ എം.എസുമാണ് നോർത്ത് ഈസ്റ്റിനായി സ്കോർ ചെയ്തത്. പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഈസ്റ്റ് ബംഗാളിനെതിരേ പരാജയപ്പെട്ട കഴിഞ്ഞ മത്സരത്തില്‍ നിന്നും 10 മാറ്റങ്ങളുണ്ടായിരുന്നു. സൗരവ് മണ്ഡല്‍, പ്രീതം കോട്ടാല്‍, മിലോസ് ഡ്രിൻസിച്ച്, മുഹമ്മദ് അസ്ഹർ എന്നിവർ പ്രതിരോധത്തിലും ദയ്സുകെ സകായ്, ഡാനിഷ് ഫറൂഖി, ഫ്രെഡി, മുഹമ്മദ് ഐമൻ എന്നിവർ മധ്യനിരയിലും ഇഷാൻ പണ്ഡിത, നിഹാല്‍ സുധീഷ് എന്നിവർ മുന്നേറ്റത്തിലും അണിനിരന്നു. ലാറ ശർമ ഗോള്‍വല കാത്തു. ഡ്രിൻസിച്ച് മാത്രമായിരുന്നു ആദ്യ ഇലവനിലെ ഏക വിദേശ താരം.
കളിയില്‍ താളം കണ്ടെത്താൻ വൈകിയെങ്കിലും പിന്നീട് നോർത്ത് ഈസ്റ്റിന്റെ പ്രകടനത്തിനൊപ്പം പിടിച്ചുനില്‍ക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. എന്നാല്‍ 84-ാം മിനിറ്റില്‍ നെസ്റ്ററിലൂടെ നോർത്ത് ഈസ്റ്റ് മുന്നിലെത്തിയതോടെ ചിതറിപ്പോയി. മൈക്കല്‍ സബാക്കോയുടെ ലോങ് പാസില്‍ നിന്നായിരുന്നു നെസ്റ്ററിന്റെ ഗോള്‍. താരത്തെ പ്രതിരോധിക്കുന്നതില്‍ ഡ്രിൻസിച്ച് വരുത്തിയ പിഴവാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. ഡ്രിൻസിച്ചിനെ അനായാസം മറികടന്ന നെസ്റ്റർ, പന്ത് ലാറ ശർമയുടെ തലയ്ക്ക് മുകളിലൂടെ ടാപ് ചെയ്ത് വലയിലെത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ ഇൻജുറി ടൈമില്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ മറ്റൊരു പിഴവില്‍ നിന്ന് ജിതിൻ നോർത്ത് ഈസ്റ്റിന്റെ രണ്ടാം ഗോളും നേടി. പന്തുമായി മുന്നേറി ഫാല്‍ഗുനി നല്‍കിയ പാസ് ജിതിൻ അനായാസം ടാപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. നാലോളം പ്രതിരോധ താരങ്ങള്‍ ബോക്സിലുണ്ടായിരുന്നപ്പോഴാണ് ആരാലും മാർക്ക് ചെയ്യപ്പെടാതെയിരുന്ന ജിതിൻ പന്ത് വലയിലെത്തിക്കുന്നത്. ജയത്തോടെ 20 കളികളില്‍ നിന്ന് 23 പോയന്റോടെ ഏഴാം സ്ഥാനത്തേക്ക് കയറിയ നോർത്ത് ഈസ്റ്റ് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. 30 പോയന്റോടെ ബ്ലാസ്റ്റേഴ്സ് അഞ്ചാമത് തുടരുന്നു. ആദ്യ ഇലവനിലെ 10 മാറ്റങ്ങള്‍ തുടക്കത്തില്‍ അല്‍പം പ്രശ്നങ്ങള്‍ സൃഷ്ടിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പതിയെ കളിയില്‍ താളംകണ്ടെത്തിയിരുന്നു. 11-ാം മിനിറ്റില്‍ ഐമനിലൂടെ ടീം ഗോളിനടുത്തെത്തി. ഇടതുവിങ്ങിലൂടെ നോർത്ത് ഈസ്റ്റ് താരങ്ങളെ മറികടന്നുള്ള ഐമന്റെ ഷോട്ട് പക്ഷേ ഗോളി ഗുർമീത് സിങ് തട്ടിയകറ്റുകയായിരുന്നു.
തുടർന്ന് 17-ാം മിനിറ്റില്‍ ലഭിച്ച സുവർണാവസരം ഇഷാൻ പണ്ഡിതയ്ക്കും മുതലാക്കാൻ സാധിച്ചില്ല. ഒരു ബാക്ക് പാസ് സ്വീകരിക്കുന്നതില്‍ ഗുർമീത് വരുത്തിയ പിഴവ് മുതലെടുത്ത് പന്ത് റാഞ്ചാൻ പണ്ഡിതയ്ക്ക് സാധിച്ചെങ്കിലും ആളൊഴിഞ്ഞ പോസ്റ്റ് ലക്ഷ്യമാക്കി പന്തെത്തിക്കാൻ സാധിക്കാതെ പോയി. ഇതിനിടെ വലതുവിങ്ങില്‍ നോർത്ത് ഈസ്റ്റിന്റെ മലയാളി താരം ജിതിൻ എം.എസ് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. നെസ്റ്റർ മൻവീറിന് നല്‍കിയ മികച്ചൊരു പാസ് ലാറ ശർമ രക്ഷപ്പെടുത്തുകയും ചെയ്തു. 23-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ജിതിൻ നല്‍കിയ പാസ് മൻവീറിലെത്തിയെങ്കിലും ഓഫ്സൈഡായി. 25-ാം മിനിറ്റില്‍ മൻവീറിന്റെ ഗോളെന്നുറച്ച മുന്നേറ്റം തടഞ്ഞ് ലാറ ഒരിക്കല്‍ കൂടി ബ്ലാസ്റ്റേഴ്സിന്റെ രക്ഷയ്ക്കെത്തി.
31-ാം മിനിറ്റില്‍ സൗരവിന്റെ ക്രോസ് പിടിച്ചെടുക്കാൻ പണ്ഡിതയ്ക്ക് സാധിക്കാതെ പോയതോടെ വീണ്ടും ബ്ലാസ്റ്റേഴ്സിന് മികച്ചൊരു ഗോളവസരം നഷ്ടമായി. ഇതിനിടെ ആദ്യ പകുതിയിലുടനീളം വെറും നിഴല്‍ മാത്രമായിപ്പോയ നിഹാല്‍ സുധീഷിന് 42-ാം മിനിറ്റില്‍ ഇാൻ പണ്ഡിതയുടെ പാസില്‍ നിന്ന് ലഭിച്ച മികച്ചൊരു അവസരവും മുതലാക്കാനായില്ല. ആദ്യ പകുതിയുടെ അധിക സമയത്ത് സ്വന്തം ഹാഫില്‍ നിന്ന് ഒറ്റയ്ക്ക് പന്തുമായി മുന്നേറിയ പണ്ഡിതയ്ക്ക് പക്ഷേ ആ മികവ് ഫൈനല്‍ തേർഡില്‍ ആവർത്തിക്കാനായില്ല. രണ്ടാം പകുതിയില്‍ നോർത്ത് ഈസ്റ്റ് മുന്നേറ്റങ്ങള്‍ക്ക് ജീവൻ വെച്ചു. 54-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളി സ്ഥാനം തെറ്റിനില്‍ക്കേ ലഭിച്ച അവസരത്തില്‍ നെസ്റ്ററിന് ലക്ഷ്യം കാണാനായില്ല. പിന്നാലെ 65-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ഇഷാൻ പണ്ഡിത നല്‍കിയ പാസ് വലയിലെത്തിക്കാൻ രാഹുലിന് സാധിക്കാതെ പോയതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. 83-ാം മിനിറ്റില്‍ ദയ്സുകെ സകായിയുടെ ഫ്രീ കിക്ക് നെടുനീളൻ ഡൈവിലൂടെ രക്ഷപ്പെടുത്തി ഗുർമീതും ബ്ലാസ്റ്റേഴ്സിനു മുന്നില്‍ വിലങ്ങുതടിയായി.