ആട് ജീവിതത്തിന് പിന്നാലെ മറ്റൊരു സിനിമ കൂടി 100 കോടി ക്ലബിൽ : കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ട് അണിയറ പ്രവർത്തകർ 

കൊച്ചി : ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഈ വര്‍ഷം ഏറ്റവുമധികം സിനിമകള്‍ വിജയിച്ചിരിക്കുന്നത് മലയാളത്തിലാണ്. ഓസ്‍ലര്‍ മുതല്‍ ആരംഭിച്ച മോളിവുഡിന്‍റെ ജൈത്രയാത്ര ഇപ്പോള്‍ ആടുജീവിതത്തില്‍ എത്തിനില്‍ക്കുന്നു.ചിത്രം 9 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി നേടിയതായി അണിയറക്കാര്‍ ഇന്നാണ് പ്രഖ്യാപിച്ചത്. ആടുജീവിതത്തിന്‍റെ തൊട്ടടുത്ത ദിവസം റിലീസ് ചെയ്യപ്പെട്ട മറ്റൊരു ചിത്രവും ബോക്സ് ഓഫീസില്‍‌ സമാനനേട്ടം ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്. തെലുങ്ക് ചിത്രം ടില്ലു സ്ക്വയര്‍ ആണ് അത്. സിദ്ധു ജൊന്നലഗഡ്ഡയെയും അനുപമ പരമേശ്വരനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മാലിക് റാം സംവിധാനം ചെയ്ത റൊമാന്‍റിക് ക്രൈം കോമഡി ചിത്രം ടില്ലു സ്ക്വയര്‍ ആണ് അത്. ആടുജീവിതത്തിന്‍റെ റിലീസ് മാര്‍ച്ച്‌ 28 ന് ആയിരുന്നെങ്കില്‍ ടില്ലു സ്ക്വയര്‍ എത്തിയത് 29 ന് ആണ്. പോസിറ്റീവ് അഭിപ്രായങ്ങളും മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സിയുമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്‍റെ എട്ട് ദിവസത്തെ കളക്ഷന്‍ അണിയറക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്.

8 ദിവസം കൊണ്ട് ചിത്രം 96.6 കോടിയാണ് നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. ആടുജീവിതം നേടിയതുപോലെ 9 ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബില്‍ എത്തുമെന്ന് ഉറപ്പാണ്. 2022 ല്‍ പുറത്തെത്തി ബോക്സ് ഓഫീസില്‍ വിജയം നേടിയ ഡിജെ ടില്ലുവിന്‍റെ സീക്വല്‍ ആണ് ടില്ലു സ്ക്വയര്‍. ചിത്രത്തിന്‍റെ സഹരചനയും നായകന്‍ സിദ്ധു ജൊന്നലഗഡ്ഡയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നീ ബാനറുകളില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മ്മാണം. മുരളീധര്‍ ഗൗഡ്, സിവിഎല്‍ നരസിംഹ റാവു, മുരളി ശര്‍മ്മ, പ്രണീത് റെഡ്ഡി കല്ലെം, രാജ് തിരണ്ഡസു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Hot Topics

Related Articles