“അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാർത്ത തെറ്റിദ്ധാരണാജനകം” ; വിശദീകരണവുമായി കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ. മെഡിക്കൽ കോളേജിൽ ആറാം വിരൽ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിന്നടിയിലായി കെട്ട് ശ്രദ്ധയിൽ പെടുകയായിരുന്നു. നാക്കിനടിയിലെ ചെറിയ വൈകല്യം ആയതിനാൽ ഇത് രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടാറില്ല.

നാവിലെ കെട്ട് അഴിച്ചു കൊടുക്കാതെ ഇരുന്നാൽ ഇപ്പോൾ പ്രതൃക്ഷപ്രശ്നങ്ങൾ ഇല്ലെങ്കിലും ഭാവിയിൽ അത് സംസാര വൈകല്യത്തിന് കാരണമാകാം എന്നുള്ളതിനാലും സംസാരം പൂർണ്ണമായി വികസിച്ചു കഴിഞ്ഞാൽ സംസാര വൈകല്യം ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടായതിനാലും ഇതിന് പ്രഥമ പരിഗണന നൽകി കുട്ടിയെ ആ ശസ്ത്രക്രിയക്ക് പോസ്റ്റ് ചെയ്യുക ആയിരുന്നു എന്നുമാണ് കെജിഎംസിടിഎ വാര്‍ത്താക്കുറിപ്പിൽ പറയുന്നത്.നാക്കിന് കെട്ട് (Tongue tie) ഇല്ലാത്ത കുട്ടികളിൽ ഈ ശസ്ത്രക്രിയ സാധ്യമല്ല എന്നുള്ളതും ശ്രദ്ധേയമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ ശസ്ത്രക്രിയക്ക് ശേഷം ആറാം വിരലിന്റെ ശസ്ത്രക്രിയ ഇപ്പോൾ തന്നെ ചെയ്യണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടതിനാൽ അതും അപ്പോൾ തന്നെ ചെയ്യുകയായിരുന്നു. നാക്കിന്റെ താഴെ പാട പോലെ കാണുന്ന (tongue tie) നാക്കിലെ കെട്ട് ആണ്. ഇതാണ് ശസ്ത്രക്രിയ ചെയ്തു മാറ്റിയത്. ഇത് ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. ഇതല്ലാതെ നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. വസ്തുതകൾ അന്വേഷിക്കാതെയും കൃത്യമായ അന്വേഷണം നടത്താതെയും ധൃതി പിടിച്ചു നടത്തിയ സസ്പെൻഷൻ നിർഭാഗ്യകരമാണ്.

പ്രതികൂലമായ സാഹചര്യങ്ങളിലും സ്തുത്യർഹമായ സേവനം നൽകുന്ന മെഡിക്കൽ കോളേജ് ടീച്ചർമാരുടെ ആത്മവീര്യം തകർക്കുന്നതാകരുത് ഇത്തരം നടപടികൾ. ഒരു പാട് നിരാലംബരായ രോഗികളുടെ അത്താണിയായ സ്ഥാപനത്തിന്റെ സത്പേരിന് കളങ്കം സൃഷ്ടിക്കുന്ന പ്രചാരണങ്ങളിൽ നിന്നും മാധ്യമങ്ങൾ വിട്ടു നിൽക്കണമെന്ന് കെജിഎംസിടിഎ അഭ്യർത്ഥിക്കുന്നുവെന്നും വാര്‍ത്താക്കുറിപ്പിൽ പറയുന്നു. അതേസമയം, ആറാം വിരല്‍ നീക്കം ചെയ്യേണ്ടതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ നേരത്തെ ഡോക്ട‍ര്‍ വീഴ്ച സമ്മതിച്ചിരുന്നു. ശസ്ത്രക്രിയ കുടുംബത്തിൻറെ അനുമതിയോടെയല്ല എന്ന് ഡോക്ടർ എഴുതിയ രേഖയാണിപ്പോള്‍ പുറത്തുവന്നത്.

ശസ്ത്രക്രിയ കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർ കുറിച്ചിരുന്നു. ഇത് സംബന്ധിച്ച് വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.കൈവിരലിന്‍റെ ശസ്ത്രക്രിയയ്ക്കെത്തിയ നാല് വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ചെറുവണ്ണൂർ മധുര ബസാറിലെ കുട്ടിക്കാണ് മെഡിക്കൽ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഗുരുതരമായ ചികിത്സ പിഴവിന് ഇരയാകേണ്ടിവന്നത്.

സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാനായാണ് കുട്ടി എത്തിയത്. എന്നാൽ അരമണിക്കൂർ വേണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോൾ നാവിൽ പഞ്ഞി വെച്ച നിലയിൽ ആയിരുന്നു. കയ്യിലെ തുണി മാറ്റി നോക്കിയപ്പോള്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. ചികിത്സാ പിഴവ് വ്യക്തമായതോടെ ഡോക്ടർ പുറത്തെത്തി കുടുംബത്തോട് മാപ്പ് പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു.

പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്തു. എന്നാൽ കുട്ടിയുടെ നാവിന് ചെറിയ തടസ്സം ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയപ്പോൾ നീക്കാൻ തീരുമാനിച്ചതാണെന്നും സൂപ്രണ്ട് അറിയിച്ചു. എങ്കിലും കുറഞ്ഞ സമയത്തിനിടെ കുട്ടിക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്താൻ ഇടയായത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം കുട്ടിയുടെ നാവിന് ഇതുവരെയും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കളുടെ പ്രതികരണം.

Hot Topics

Related Articles