കോട്ടയം: സജി മഞ്ഞക്കടമ്പിലിന്റെ രാജിയിൽ കടുത്ത അതൃപ്തിയിൽ കോൺഗ്രസ് നേതൃത്വം. ഇന്നലെയാണ് സജി മഞ്ഞക്കടമ്പിൽ കോട്ടയം യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡൻ്റ് സ്ഥാനവും രാജിവച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നില്ലെന്നായിരുന്നു സജിയുടെ പരാതി. സജിയുടെ രാജി മുന്നണി പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
സംഭവത്തിലെ അതൃപ്തി കോൺഗ്രസ് പിജെ ജോസഫിനെ അറിയിക്കുകയും ചെയ്തു. മുന്നണിയുടെ വിജയസാധ്യതയെ ബാധിക്കാതെ പ്രശ്നം പരിഹരിക്കണമെന്ന നിലപാടിലാണ് കോൺഗ്രസ്. പറഞ്ഞു തീർക്കാമായിരുന്ന പ്രശ്നങ്ങൾ ജോസഫ് ഗ്രൂപ്പ് നേതൃത്വം വഷളാക്കിയെന്ന് കോൺഗ്രസിൽ വിമർശനം ഉയർന്നിട്ടുണ്ട്. അതേ സമയം പ്രശ്നപരിഹാര ശ്രമങ്ങൾ തുടങ്ങിയെന്ന് സൂചനയും ജോസഫ് ഗ്രൂപ്പിൽ നിന്നും പുറത്തു വരുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയത്ത് സ്ഥാനാർത്ഥിയാവാൻ ആഗ്രഹിച്ചയാളാണ് സജി മഞ്ഞക്കടമ്പിൽ. അദ്ദേഹം പരസ്യമായി ഇക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്. പിന്നീട് പി ജെ ജോസഫ് ഇടപെട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കാമെന്ന് പറഞ്ഞ് അനുനയിപ്പിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിക്കാൻ തുടങ്ങി. പിന്നാലെയാണ് മാറ്റിനിർത്തുന്നുവെന്ന തോന്നൽ സജിക്കുണ്ടായത്. തുടർന്ന് ജില്ലാ ചെയർമാൻ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡൻ്റ് സ്ഥാനവും രാജിവെക്കുകയായിരുന്നു.