ഡബ്ലിൻ: ലേണേഴ്സ് ലൈസൻസുമായി വർഷങ്ങളോളം വാഹനമോടിക്കുന്ന നടപടി ഇനി അംഗീകരിക്കില്ലെന്ന് അയർലൻഡ് ഗതാഗതവകുപ്പ്.നിലവിലുള്ള ഡ്രൈവിങ് ലൈസൻസ് അപേക്ഷകള്‍ തീർപ്പാക്കിക്കഴിഞ്ഞാലുടനെ ഇത്തരം പ്രവണതയ്ക്ക് അറുതി വരുത്തുമെന്ന് ഗതാഗതവകുപ്പ് സഹമന്ത്രി ജാക്ക് ചേംബേഴ്സ് വ്യക്തമാക്കി. രണ്ട് വർഷം വീതമാണ് അയർലൻഡിലെ ആദ്യ രണ്ട് ലേണേഴ്സ് പെർമിറ്റുകളുടെ കാലാവധി. ലേണേഴ്സ് പെർമിറ്റ് എടുത്ത ശേഷം ടെസ്റ്റില്‍ തോള്ക്കുന്നവർ പലരും പെർമിറ്റ് പലതവണ പുതുക്കി വർഷങ്ങളോളം ഉപയോഗിക്കുന്ന പതിവ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഗതാഗതവകുപ്പിന്റെ പുതിയ തീരുമാനം. ചെറുപ്പക്കാരും പ്രായമായവരും ഉള്‍പ്പെടുന്ന ഒരു വിഭാഗം ആളുകളാണ് ഇങ്ങനെ ചെയ്യുന്നത്. ടെസ്റ്റ് പാസാകാതെ പെർമിറ്റ് വീണ്ടും വീണ്ടും പുതുക്കി ഡ്രൈവ് ചെയ്യുന്നത് റോഡപകട സാധ്യത വർധിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് അധികൃതർ മുന്നറിയിപ്പ് നല്കി.