അഹമ്മദാബാദ്: ഗുജറാത്തിലെ ബി ജെ പിയില്‍ പതിവില്ലാത്ത പ്രതിഷേധമാണ് ഇക്കുറി കാണുന്നത്. കേന്ദ്രമന്ത്രി പർഷോത്തം രൂപാലയുടെ ‘രാജ കുടുംബ’ പ്രസംഗത്തിന് പിന്നാലെയാണ് പ്രതിഷേധം ഉയർന്നത്. ബ്രിട്ടീഷുകാരോട് രാജ കുടുംബാഗങ്ങള്‍ സന്ധിചെയ്തുവെന്നായിരുന്നു രുപാലയുടെ പ്രസംഗം. ഇതിന് പിന്നാലെ രൂപാലക്കെതിരെ ശക്തമായ പ്രതിഷേധവുമായി ക്ഷത്രീയ സമുദായം രംഗത്തെത്തിയിരിക്കുകയാണ്. ക്ഷത്രീയ സമുദായത്തെ രൂപാല അപമാനിച്ചുവെന്നാരോപിച്ചാണ് പ്രതിഷേധം ശക്തമായത്. രാജ് കോട്ടിലെ ബി ജെ പി സ്ഥാനാർഥിത്വത്തില്‍ നിന്നും പർഷോത്തം രൂപാല പിന്മാറണമെന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ഇല്ലെങ്കില്‍ അതിശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് ക്ഷത്രീയ സമുദായം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് പ്രതിഷേധത്തിനെത്തിയ രജപുത് കർണിസേന തലവനെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ പ്രതിഷേധം കൂടുതല്‍ ശക്തമാകുമെന്നാണ് സൂചന. അതിനിടെ രൂപാലയ്ക്ക് പിന്തുണയുമായി പട്ടീദാർ സമുദായവും രംഗത്തെത്തിയിട്ടുണ്ട്.