കണ്ണൂര്‍: കൊട്ടിയൂരിൽ സ്ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പന്നിയാംമല സ്വദേശി വിശ്വനാണ് അറസ്റ്റിലായത്. വീട്ടിൽ സൂക്ഷിച്ച 20 കിലോ സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്. പടക്ക നിർമാണത്തിന് കൊണ്ടുവന്നതെന്നാണ് മൊഴി.
തൈപ്പറമ്പിൽ വിശ്വന്‍റെ വീട്ടിലും പറമ്പിലുമായാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ കേളകം പൊലീസ് കേസെടുക്കുകയായിരുന്നു. പന്നിയാംമലയിലെ വീട്ടിലും പറമ്പിലുമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു ശേഖരം കണ്ണൂർ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും കേളകം പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൾഫർ, അലൂമിനിയം പൗഡർ, 70 പടക്കം, പടക്കമുണ്ടാക്കുന്നതിനുള്ള തിരികൾ, ഗുണ്ട്, കരിപ്പൊടി എന്നിവയാണ് കേളകം എസ്.എച്ച്.ഒ പ്രവീൺ കുമാർ, എസ്.ഐ മിനിമോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. സ്ഫോടക വസ്തുക്കള്‍ പിടികൂടിയതോട വിശ്വൻ ഒളിവില്‍ പോവുകയായിരുന്നു.
സ്ഫോടകവസ്തുക്കൾ കൈവശം വെച്ചതിന് വിശ്വനെതിരെ ഇതിന് മുമ്പും കേസ്സെടുത്തിട്ടുണ്ട്. പന്നിയാംമലയിലെ വീട്ടിൽ വിശ്വൻ ഒറ്റയ്ക്കാണ് താമസം.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് പൊലീസ് നടത്തിയ റെയ്ഡിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി മലയോര മേഖലയിലും ബോംബ് സ്ക്വാഡ് വ്യാപക പരിശോധന നടത്തി വരികയാണ്. പരിശോധനകൾ വരും ദിവസങ്ങളിലും തുടരും.