ഡല്‍ഹി : ഇന്ന് ഓണ്‍ലൈന്‍ ബാങ്കിങ് ചെയ്യാത്തവര്‍ ചുരുക്കമായിരിക്കും. സുരക്ഷിതമായി ഓണ്‍ലൈന്‍ ബാങ്കിങ് നിര്‍വഹിച്ചില്ലായെങ്കില്‍ ഹാക്കര്‍മാര്‍ പണം തട്ടിയെടുത്തെന്ന് വരാം.പാസ് വേര്‍ഡും സ്വകാര്യ വിവരങ്ങളും അപരിചിതരുമായി പങ്കുവെയ്ക്കരുതെന്നും ശരിയായ ഉറവിടത്തില്‍ നിന്നല്ലാതെ ബാങ്കിങ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും സ്ഥിരമായി പറയുന്ന കാര്യമാണ്. ഇക്കാര്യങ്ങള്‍ ഇടപാടുകാര്‍ ശ്രദ്ധിച്ച് തുടങ്ങിയതോടെ പണം തട്ടാന്‍ പുതുവഴികള്‍ തേടുകയാണ് ഹാക്കര്‍മാര്‍. ഇപ്പോള്‍ പുതിയ തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ മാര്‍ഗനിര്‍ദേശവുമായി രംഗത്തുവന്നിരിക്കുകയാണ് എച്ച്ഡിഎഫ്സി ബാങ്ക്.
1. ആവശ്യമില്ലാത്ത സമയത്ത് ഫോണില്‍ ബ്ലൂടൂത്ത് ഓഫ് ആണെന്ന് ഉറപ്പ് വരുത്തണം. അല്ലാത്തപക്ഷം ഫോണില്‍ നുഴഞ്ഞുകയറാന്‍ ഹാക്കര്‍മാര്‍ക്ക് അത് അവസരമാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2. ബാങ്കിങ് ആപ്പുകള്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ ലോഗ് ഔട്ട് ചെയ്യാന്‍ മറക്കരുത്. പലരും ഇത് ശ്രദ്ധിക്കാറില്ല. ലോഗ് ഔട്ട് ചെയ്യാതെ ആപ്പ് ക്ലോസ് ചെയ്യുന്നത് സുരക്ഷാഭീഷണി സൃഷ്ടിക്കുന്നതായി മുന്നറിയിപ്പില്‍ പറയുന്നു.
3. പബ്ലിക് വൈ ഫൈ നെറ്റ് വര്‍ക്കുകള്‍ ഹാക്കര്‍മാരുടെ സ്വര്‍ഗമായാണ് കണക്കാക്കുന്നത്. എയര്‍പോര്‍ട്ട് അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ വൈ ഫൈ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ഒരു കാരണവശാലും ബാങ്കിങ് ആപ്പുകള്‍ ഉപയോഗിക്കരുത്. ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്താനുള്ള സാധ്യത എല്ലായ്പ്പോഴും ഓര്‍മ്മ വേണം.
4. ഓരോ ആപ്പിനും വ്യത്യസ്ത പിന് നല്‍കുന്നതും സുരക്ഷയ്ക്ക് നല്ലതാണ്. എല്ലാത്തിനും ഒരു പിന് തന്നെ നല്‍കുന്നത് ഹാക്കര്‍മാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും. ഫോണ്‍ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാന്‍ ഓരോ ആപ്പിനും വ്യത്യസ്ത പിന് നമ്പര്‍ നല്കാന് ശീലിക്കുക.
5. ഫോണിന് കേടുപാടുകള്‍ സംഭവിച്ചാല്‍ ബാങ്കിങ് ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മാത്രം സര്‍വീസ് സെന്ററില്‍ നല്‍കുക. എല്ലായ്പ്പോഴും ഇത് എളുപ്പമാകണമെന്നില്ല. എങ്കിലും ഹാക്കര്‍മാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇത് ചെയ്യാന്‍ മറക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.