ന്യൂസ് ഡെസ്ക് : മകളുടെ മരണത്തെ തുടർന്ന് ജീവിതത്തിലുണ്ടായ സങ്കടങ്ങളെ എങ്ങനെയാണ് തരണം ചെയ്തതെന്ന് വ്യക്തമാക്കി ഗായിക കെ എസ് ചിത്ര. എല്ലാ കഴിഞ്ഞുവെന്ന് ചിന്തിച്ചിടത്ത് നിന്നും കരകയറിയത് എങ്ങനെയെന്നാണ് ചിത്ര വിശദമാക്കുന്നത്. ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചു വരുമെന്ന് കരുതിയില്ല. പരിചയമില്ലാത്ത ഒരുപാട് പേർ നല്കിയ പിന്തുണയും പ്രാർത്ഥനയും കൊണ്ട് കൂടിയാണ് താൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പരിചയമില്ലാത്ത പലരും തന്റെ പേരില്‍ പ്രസാദം കഴിപ്പിച്ച് വീട്ടിലേക്കെത്തിച്ചു. അന്നുവരെ കണ്ടിട്ടില്ലാത്ത ചിലർ വീട്ടിലേക്കെത്തി അവർക്കുണ്ടായി ജീവിതാനുഭവങ്ങളെ കുറിച്ച് സംസാരിച്ചു. ഇതെല്ലാം തന്നില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കിയെന്ന് ചിത്ര പറയുന്നു.
തനിക്ക് ചുറ്റുമുണ്ടായിരുന്നവരുടെ ജീവിതം കൂടി താൻ ഇല്ലാതാക്കുകയാണെന്ന തോന്നലായിരുന്നു ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള മറ്റൊരു കാരണം. തന്റെ സംഗീത ജീവിത്തിന് വേണ്ടി സ്വന്തം ജീവിതം പോലും ഉഴിഞ്ഞ് വെച്ച വ്യക്തിയാണ് തന്റെ ഭർത്താവ് വിജയൻ. തനിക്ക് വേണ്ടി ജോലി പോലും വേണ്ടെന്ന് വെച്ച വ്യക്തിയാണ്. താൻ ഇങ്ങനെ സങ്കടപ്പെട്ടിരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതം എങ്ങനെയായി തീരുമെന്ന് ചിന്തിച്ചു. തന്നില്‍ കേന്ദ്രീകരിച്ച് നില്ക്കുന്ന ഒരുപാട് പേരുടെ ജീവിതം താൻ ഇല്ലാതാക്കരുതെന്ന് എന്ന ചിന്ത മുന്നോട്ട് നയിച്ചു. പോയത് നഷ്ടപ്പെട്ടു. ഇനി ഒരിക്കലും അത് തിരിച്ചു കിട്ടില്ല. എന്നാല്‍, ജീവിതം ഒരുപാട് മുന്നോട്ടുണ്ട്. താൻ ഈ അവസ്ഥയില്‍ എഴുന്നേറ്റാല്‍ അവരെല്ലാം തന്നോടൊപ്പം എഴുന്നേല്‍ക്കുമെന്ന് മനസിലായെന്നും ചിത്ര വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവിക്കാനുള്ളതെല്ലാം സംഭവിക്കുമെന്ന കാര്യം തന്റെ മകളുടെ മരണത്തോടെ മനസിലാക്കി. ജനിക്കുമ്ബോള്‍ തന്നെ ജീവിതത്തില്‍ സംഭവിക്കാനുള്ള കാര്യങ്ങളെല്ലാം എഴുതിവെച്ചിട്ടുണ്ട്. നമ്മള് എത്രയൊക്കെ പ്രാർത്ഥിച്ചാലും നടക്കാനുള്ള കാര്യങ്ങള്‍ നടക്കും. അങ്ങനെ സംഭവിക്കുമ്ബോള്‍ അതിനെ മറികടക്കാനുള്ള ധൈര്യം തരണേയെന്നാണ് ഈശ്വരനോട് പ്രാർത്ഥിക്കേണ്ടത്. എല്ലാവരും പറയുന്ന കാര്യങ്ങള്‍ അതേ രീതിയില്‍ ഉള്‍ക്കൊള്ളാൻ കഴിയണേയെന്നാണ് പ്രാർത്ഥിക്കേണ്ടതെന്നാണ് താൻ മനസിലാക്കുന്നത്. ദൈവം വിചാരിച്ചാല്‍ പോലും നടക്കാനുള്ളത് തടുക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞുവെന്നും കെ എസ് ചിത്ര കൂട്ടിച്ചേർത്തു.