സിഡ്നി : ആഷസ് ടെസ്റ്റിൽ പിടി മുറുക്കി ഓസീസ് .തുടര്‍ച്ചയായ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഖവാജയുടെ കരുത്തില്‍ ഇംഗ്ലണ്ടിനു മുന്നില്‍ ആതിഥേയര്‍ ഉയര്‍ത്തിയത് 388 റണ്‍സ് വിജയലക്ഷ്യം. ഒരു ദിനം ശേഷിക്കെ ഇംഗ്ലണ്ടിന് താണ്ടാനുള്ളത് വലിയ കടമ്പ.വിക്കറ്റ് കാത്ത് സമനിലയിലേക്ക് തുഴഞ്ഞുനീങ്ങാനായാല് ഇംഗ്ലണ്ടിന് ആശ്വസിക്കാം. സ്കോര്‍: ആസ്ട്രേലിയ 416-8 ഡിക്ല. & 265-6 ഡിക്ല., ഇംഗ്ലണ്ട് 294 & 30-0.
നാലാം ദിവസം 36 റണ്‍സ് മാത്രം ചേര്‍ത്ത് 294ല്‍ അവസാനിച്ച ഇംഗ്ലീഷ് ഇന്നിങ്സിനു പിറകെ അതിവേഗം ബാറ്റുവീശിയ ആസ്ട്രേലിയ ഉസ്മാന് ഖവാജയുടെ ചിറകേറി ആറു വിക്കറ്റ് നഷ്ടത്തില്‍ 265 റൺസ് നേടി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 138 പന്തില്‍ 10 ബൗണ്ടറികളുടെയും രണ്ടു സിക്സുകളുടെയും അകമ്പടിയിലായിരുന്നു ഖവാജയുടെ 101 റണ്‍സ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ട്രാവിസ് ഹെഡ് കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ടീമില്‍ ഇടംകണ്ടെത്തിയ താരം തുടര്‍ച്ചയായ സെഞ്ച്വറികളുമായി ടീമിനെ വിജയത്തോളം നയിച്ച് തന്റെ അപ്രതീക്ഷിത സാന്നിധ്യം അവിസ്മരണീയമാക്കുകയായിരുന്നു. കാമറണ്‍ ഗ്രീനിനെ (74) കൂട്ടുപിടിച്ചുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓസീസിനെ കരകയറ്റിയത്.
ശനിയാഴ്ച കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് കളയാതെ 30 റണ്‍സെടുത്ത ടീമിന് ഇന്നു മുഴുവന്‍ ബാറ്റ് ചെയ്ത് ലക്ഷ്യത്തിലെത്താനാകുമോ എന്ന് കണ്ടറിയണം. സിഡ്നി മൈതാനത്ത് ഇത്ര വലിയ ടോട്ടല്‍ ഒരു ടീമും മറികടന്നില്ലെന്നത് ഇംഗ്ലണ്ടിന് ഭീതി കൂട്ടും. 22 റണ്‍സുമായി ക്രോലിയും എട്ടു റണ്‍സുമായി ഹമീദുമാണ് ക്രീസില്‍.