ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുകള്‍ സുപ്രീംകോടതി അസാധുവാക്കിയ നടപടിയില്‍ എല്ലാവർക്കും ഖേദിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു മോദി ഇക്കാര്യം വ്യക്തമാക്കിയത്. കള്ളപ്പണത്തിന്റെ ഉപയോഗം തടയാനാണ് തന്റെ സർക്കാർ തിരഞ്ഞെടുപ്പ് ബോണ്ട് ആവിഷ്കരിച്ചതെന്ന് മോദി അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. കണക്കില്‍പ്പെടാത്ത പണവും ക്രിമിനല്‍ പ്രവർത്തനങ്ങളില്‍ നിന്നുള്ള ഫണ്ടും തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത് തടയാനുള്ള മാർഗമായിരുന്നു ഇലക്ടറല്‍ ബോണ്ട്. തിരഞ്ഞെടുപ്പില്‍ കള്ളപ്പണം അപകടകരമായ കളികള്‍ കളിക്കുന്നുണ്ട്. അതിന് തടയിടാനും സുതാര്യത കൊണ്ടുവരാനുമാണ് ഞങ്ങള്‍ ശ്രമിച്ചത്.
ഇഡി അടക്കം കേന്ദ്ര ഏജൻസികള്‍ പ്രതിപക്ഷത്തെ ലക്ഷ്യമിടുന്നുവെന്ന ആരോപണവും അദ്ദേഹം തള്ളി. ഇഡിയുടെ കേസുകളില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മൂന്നു ശതമാനം മാത്രമാണ്. അന്വേഷണ ഏജൻസികളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ തന്റെ സർക്കാർ ഉണ്ടാക്കിയതല്ല. തങ്ങളുണ്ടാക്കിയ നിയമങ്ങളില്‍ പ്രതിപക്ഷത്തിനും റോള്‍ നല്കി. മുൻ സർക്കാരുകളില്‍ ചില ‘കുടുംബവുമായി’ അടുപ്പമുള്ളവരെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരാക്കുകയും പിന്നീട് രാജ്യസഭാ സീറ്റുകളും മന്ത്രിസ്ഥാനങ്ങളും നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ കൊണ്ടുവരുന്ന പദ്ധതികള്‍ ആരെയും ഭയപ്പെടുത്താനോ താഴ്ത്താനോ വേണ്ടിയല്ലെന്നും രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ടാണെന്നും മോദി ചൂണ്ടിക്കാട്ടി.