കോട്ടയം : കോട്ടയം ആർപ്പൂക്കര 14 ആം വാർഡിൽ 24 മണിക്കൂറായി വൈദ്യുതിയില്ല. ഇന്നലെ രാത്രി 11:30 യോടു കൂടി മുടങ്ങിയ വൈദ്യുതി ഇനിയും വരാത്തതിൽ പ്രതിഷേധിച്ച നാട്ടുകാർ അയ്മനം കെഎസ്ഇബി ഓഫീസ് അധികൃതരെ തടഞ്ഞുവച്ചു. ഇന്ന് രാത്രി പത്തരയോടെ കൂടിയാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായത്. ഇന്നലെ രാത്രിയാണ് കൈ തേപ്പാടം പ്രദേശത്ത് വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടായത്. നൂറുകണക്കിന് കുടുംബങ്ങൾ പാർക്കുന്ന പ്രദേശത്ത് വൈദ്യുതി മുടങ്ങിയതിൽ കടുത്ത പ്രതിഷേധമാണ് നാട്ടുകാർക്ക് ഉണ്ടായിരുന്നത്. പ്രദേശത്തെ തകരാറിലായ ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കണമെന്ന് നേരത്തെ തന്നെ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇതിന് തയ്യാറാകാതിരുന്ന കെഎസ്ഇബി അധികൃതരാണ് വൈദ്യുതി മുടക്കത്തിന്റെ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതേ തുടർന്നാണ് കെഎസ്ഇബി അധികൃതരെ നാട്ടുകാർ തടഞ്ഞുവച്ചത്. വിവരമറിഞ്ഞ് ഗാന്ധിനഗർ പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.