കോട്ടയം : വന്യജീവി ശല്യം ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക മഹാസംഗമം രംഗത്ത്. കോട്ടയത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് അവർ ഈ കാര്യം വ്യക്തമാക്കിയത്. മലയോര മേഖലയിലും വനാതിർത്തിയിലും താമസിക്കുന്ന കർഷകർ നേരിടുന്ന വന്യജീവി ശല്യം, മരം മുറിക്കലും ആയി ബന്ധപ്പെട്ട വിഷയങ്ങൾ, പട്ടയസംബന്ധമായ പ്രതിസന്ധികൾ എന്നിവ ചർച്ച ചെയ്യപ്പെട്ടു. തുടർച്ചയായി വന്യജീവി ആക്രമണത്തിൽ മനുഷ്യരും വളർത്തുമൃഗങ്ങളും കൊല്ലപ്പെടുകയും കൃഷികൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.
കാർഷികവൃത്തിയിൽ ഏർപ്പെടുന്നതിനും ദൈനംദിന ആവശ്യങ്ങൾക്കും ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യം മാറണം. ഈ ആവശ്യങ്ങൾക്കായി കോരുത്തോട് എരുമേലി പെരുന്നാട്, പെരുവന്താനം, മുണ്ടക്കയം കൊക്കയാർ പഞ്ചായത്തുകളിലെ ജനങ്ങൾ കോരുത്തോട് സെൻറ് ജോർജ് സ്റ്റേഡിയത്തിൽ 20-ാം തീയതി ശനിയാഴ്‌ച 4.30ന് ഒത്തുകൂടുന്നു. നിയമനിർമ്മാണ സഭയിൽ ഈ വിഷയം എത്തിക്കുന്നതിനായി പാർലമെൻ്റിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുമായി സംവദിക്കുന്നു. ജനവാസ മേഖലയിൽ ജീവഭയം കൂടാതെ സഞ്ചരിക്കുന്നതിനും ഭീതി കൂടാതെ കൃഷി ചെയ്യുന്നതിനും സാധിക്കുന്ന വിധത്തിൽ വന്യമൃഗങ്ങൾ വനത്തിൽ നിന്നും പുറത്തു വരാൻ സാധിക്കാത്തതും, എന്നാൽ വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതും ആയ ഒരു നടപടി ഉണ്ടാകുവാനുള്ള നിർദ്ദേശങ്ങൾ ഈ സംഗമത്തിൽ ഉണ്ടാകുമെന്ന് കർഷകർ പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൃഗങ്ങളെ വനത്തിനുള്ളിൽ നിയന്ത്രിക്കുന്ന സംവിധാനവും വനാതിർത്തിയിലൂടെ ഒരു സഞ്ചാര പാതയും ഉണ്ടായാൽ വലിയ ടൂറിസം സാധ്യത കുടി ഈ മേഖലയിൽ സൃഷ്ടിക്കപ്പെടും എന്ന നിർദ്ദേശവും കർഷകർ മുന്നോട്ട് വയ്ക്കുന്നു. സണ്ണി വെട്ടുകല്ലേൽ (ജനറൽ കൺവീനർ മലയോര സംരക്ഷണ സമിതി), പി.ജെ. സെബാസ്റ്റ്യൻ (ചെയർമാൻ മലയോര സംരക്ഷണ സമിതി), ദിവാകരൻ പുത്തൻപുരയ്ക്കൽ (ATMAMS), ഷിബു കുറുമ്പനക്കൽ (ഐക്യ മല അരയ മഹാസഭ), ജോഷി മാത്യു പുവക്കുളം (കോരുത്തോട് സംരക്ഷണ സമിതി) തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.