‘ജയ് ശ്രീറാം’ വിളിച്ചതിന് ബംഗളൂരുവിൽ യുവാക്കളെ മർദ്ദിച്ചെന്ന് പരാതി; മൂന്നുപേർ അറസ്റ്റിൽ

ബംഗളൂരു: ‘ജയ് ശ്രീറാം’ വിളിച്ചെന്നാരോപിച്ച്‌ ബംഗളൂരുവില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന മൂന്ന് പേരെ മർദിച്ചെന്ന് പരാതി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതിന് പിന്നാലെ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആകെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. ചിക്കബെട്ടഹള്ളിയില്‍ രാമനവമി ദിനത്തില്‍ കാറില്‍ കൊടിയുമായി ജയ് ശ്രീറാം വിളിച്ച്‌ പോകുമ്പോഴാണ് മൂന്ന് യുവാക്കള്‍ ആക്രമിക്കപ്പെട്ടതെന്ന് ബെംഗളൂരു സിറ്റി ഡിസിപി ബി എം ലക്ഷ്മി പ്രസാദ് പറഞ്ഞു. യുവാക്കളെ ബൈക്കിലെത്തിയ രണ്ട് പേർ തടയുകയായിരുന്നു.

ജയ് ശ്രീറാം വിളിച്ചതിനെ ഇവർ ചോദ്യംചെയ്തു. തുടർന്ന് വാക്കേറ്റമുണ്ടായി. മർദനത്തില്‍ ഒരാളുടെ മൂക്കിന് പരിക്കേറ്റെന്നും പൊലീസ് പറഞ്ഞു. ബൈക്കിലെത്തിയവരും ചില നാട്ടുകാരും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295, 298, 324, 326, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് വിദ്യാരണ്യപുര പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ച് പ്രതികളില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ബാക്കി രണ്ടുപേരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ മൂന്ന് പേർക്ക് പ്രായപൂർത്തിയായിട്ടില്ല.

Hot Topics

Related Articles