സിഡ്നി: ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ സമനിലപിടിച്ച് ഇംഗ്ലണ്ട്. അഞ്ചാം ദിനം വാലറ്റക്കാരായ ജാക്ക് ലീച്ച് (34 പന്തില്‍ 26), സ്റ്റുവര്‍ട്ട് ബ്രോഡ് (35 പന്തില്‍ എട്ട് നോട്ടൗട്ട്), ജയിംസ് ആന്ഡേഴ്സണ് (ആറ് പന്തില്‍ പൂജ്യം നോട്ടൗട്ട്) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ഓസ്ട്രേലിയയില്‍ നിന്നു ജയം തട്ടിത്തെറിപ്പിച്ചത്.
ഓസ്ട്രേലിയയുടെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ ഉസ്മാന് ഖവാജയാണു കളിയിലെ താരം. സിഡ്നിയില്‍ ഡഗ് വാള്‍ട്ടേഴ്സും റിക്കി പോണ്ടിംഗും മാത്രമാണ് ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയിട്ടുള്ളത്. സ്കോര്‍ ഓസ്ട്രേലിയ 416/8 ഡിക്ല, 265/6 ഡിക്ല. ഇംഗ്ലണ്ട് 294, 270/9.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനു മുന്നില്‍ 388 റണ്‍സ് എന്ന കൂറ്റൻ വിജയ ലക്ഷ്യം. വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാം ദിനം തുടങ്ങിയത്. അവസാന ദിവസം ഓസ്ട്രേലിയയ്ക്കു ജയിക്കാന്‍ ഇംഗ്ലണ്ടിന്റെ പത്തു വിക്കറ്റുകളാണു വേണ്ടിയിരുന്നത്. മഴ കളി തടസപ്പെടുത്തിയ മത്സരത്തില്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഇതോടെ ഇംഗ്ലണ്ടിനു കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടു. എന്നാല്‍, ഓപ്പണര്‍ സാക് ക്രൗളി (77), ബെന്‍ സ്റ്റോക്സ് (60), ജോണി ബെയര്‍സ്റ്റോ (44) എന്നിവരുടെ ചെറുത്തുനില്‍പ്പ് മത്സരം നീട്ടിക്കൊണ്ടുപോയി. ബെയര്‍സ്റ്റോ പുറത്താകുമ്പോള്‍ എട്ടു വിക്കറ്റിന് 237 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് ലീച്ചും ബ്രോഡും പ്രതിരോധിച്ചുനിന്നു.
ജയത്തിനു തടസമായി നിന്ന വാലറ്റക്കാരെ വീഴ്ത്താന്‍ ഓസ്ട്രേലിയന്‍ നായകന് പാറ്റ് കമ്മിന്‍സ് ഒൻപത് ഫീല്ഡര്മാരെയാണു പിച്ചിനു ചുറ്റും നിര്‍ത്തിയത്. അവസാന ഓവറുകള്‍ എറിയാന്‍ സ്റ്റീവ് സ്മിത്തിനെ പന്ത് ഏല്‍പ്പിച്ചു. 100-ാം ഓവറിന്റെ അവസാന പന്തില്‍ ലീച്ചിനെ (26) പുറത്താക്കി സ്റ്റീവ് സ്മിത്ത് ക്യാപ്റ്റന്റെ തന്ത്രം ശരിവച്ചു. തുടര്‍ന്ന് ഇംഗ്ലണ്ടിനു സമനിലയ്ക്കായി പിടിച്ചുനില്ക്കേണ്ടതു രണ്ട് ഓവര്‍. ഓസ്ട്രേലിയയ്ക്കു ജയിക്കാന്‍ വേണ്ടത് ഒരു വിക്കറ്റും. ആ രണ്ട് ഓവറും ബ്രോഡും ആന്‍ഡേഴ്സണും തട്ടി നിന്നതോടെ ഇംഗ്ലണ്ട് വിജയകമായി മത്സരം സമനിലയില്‍ അവസാനിപ്പിച്ചു. ഇതോടെ പരമ്പരയിൽ 4-0 ന് മുന്നിൽ എത്താം എന്ന ഓസീസ് മോഹമാണ് പാഴായത്.