മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ പൂർവ്വാധികം ഭംഗിയായി ഈ വർഷവും നടത്തപ്പെടുകയാണ്. ഏപ്രിൽ 29 – ന് തിരുവഞ്ചൂർ പുത്തൻ പുരയ്ക്കൽ ഷിന്റോയുടെ പാറമ്പുഴ തുരുത്തേൽ പുരയിടത്തിൽ നിന്ന് ആഘോഷപൂർവം കൊണ്ടു വരുന്നതായ കൊടിമരം പള്ളി അങ്കണത്തിൽ, ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ ഉയർത്തുന്നതോടെ പെരുന്നാൾ ചടങ്ങുകൾക്ക് തുടക്കമാകും.
പെരുന്നാളിനോടനുബന്ധിച്ച് മെയ് 1 മുതൽ 12 വരെ “മണർകാട് കാർണിവൽ 2K24” ഈ വർഷം പള്ളിയുടെ വടക്ക് വശത്തെ മൈതാനിയിൽ നടത്തുകയാണ്. കാർണിവലിന്റെ ഭാഗമായി 1 മുതൽ 5 വരെ തിയതികളിൽ വിവിധ കലാ സംസ്ക്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതോടൊപ്പം ഭക്ഷ്യ മേളയും നടത്തപ്പെടുന്നു.
മെയ് 1 മുതൽ 12 വരെ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ അമ്യൂസ്മെന്റ് പ്രോഗ്രാമുകളും നടത്തപ്പെടുന്നു. മെയ് 5-ന് അഭിവന്ദ്യ തോമസ് മോർ അലക്സന്ത്രയോസ് മെത്രാപ്പോലീത്തായും മെയ് 6 -ന്
അഭിവന്ദ്യ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്തായും വിശുദ്ധ കുർബ്ബാന അർപ്പിക്കും. മെയ് 5 രാത്രി 9 മണിക്കും മെയ് 6 ഉച്ച കഴിഞ്ഞു 2 മണിക്കും കരോട്ടെ പള്ളിയിലേക്കുള്ള പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. പെരുന്നാൾ ക്രമീകരണങ്ങൾക്ക് വികാരി ഇ.റ്റി.കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ ഇട്ടിയാടത്ത്, പ്രോഗ്രാം കോർഡിനേറ്റർ കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്ത്, ട്രസ്റ്റിമാരായ ശ്രീ പി.എ. ഏബ്രഹാം പഴയിടത്തുവയലിൽ, ശ്രീ. വർഗീസ് ഐപ്പ് മുതലു പടിയിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, സെക്രട്ടറി ശ്രി. വി.ജെ.ജേക്കബ് വാഴത്തറ എന്നിവർ നേതൃത്വം നൽകുന്നതാണ്.