മണിമല : വനത്തിലെത്തിച്ച് മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടിൽ സുമിത്ത് പി കെ (30) ആണ് മരിച്ചത്. ഏപ്രിൽ 13ന് ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുമിത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നലെ രാത്രി 11:30 യോടു കൂടിയാണ് മരണം സംഭവിച്ചത്. വിഷയത്തിൽ നേരത്തെ മണിമല പോലീസ് കേസെടുത്ത് രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ അറസ്റ്റിലായ ഇടുക്കി അയ്യപ്പൻകോവിൽ പരപ്പ് ഭാഗത്ത്, വെട്ടു കുഴിയിൽ വീട്ടിൽ (കൊടുങ്ങൂർ എസ്.ബി.ഐക്ക് സമീപം വാടകയ്ക്ക് താമസം) സാബു ദേവസ്യ (40), കൊടുങ്ങൂർ പാണപുഴ ഭാഗത്ത് പടന്നമാക്കൽ വീട്ടിൽ (കൊടുങ്ങൂർ എസ്.ബി.ഐക്ക് സമീപം വാടകയ്ക്ക് താമസം) പ്രസീദ്. ജി ( രാജു – 52) എന്നിവർ നിലവിൽ റിമാൻഡിൽ കഴിയുകയാണ്. ഒരുമിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരും ചേർന്ന് വാഴൂർ സുമിത്തിനെ പൊന്തമ്പുഴ വനത്തിൽ എത്തിച്ച് മദ്യം നൽകിയ ശേഷം മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. സുമിത്തുമായി പരിചയത്തിലുള്ള സാബു ദേവസ്യ സംഭവ ദിവസം രാവിലെ 09.30 മണിയോടുകൂടി യുവാവിനെ തന്റെ സ്കൂട്ടറിൽ കയറ്റി മണിമല ബസ്റ്റാൻഡിൽ എത്തിയതിനു ശേഷം, ഇവിടെനിന്നും ബസ്സിൽ കയറി പൊന്തമ്പുഴ വനത്തിൽ ആളില്ലാത്ത ഭാഗത്ത് എത്തിച്ച് അവിടെയുണ്ടായിരുന്ന പ്രസീദും ഇയാളും ചേർന്ന് യുവാവിന് മദ്യം നൽകുകയും, ശേഷം കയ്യിൽ കരുതിയിരുന്ന ആസിഡ് ഒഴിക്കുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആസിഡ് ആക്രമണത്തിൽ മുഖത്തിനും,കഴുത്തിനും,ശരീരത്തും സാരമായി പരിക്കുപറ്റിയ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സാബു ദേവസ്യക്ക് യുവാവിനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇത്തരത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ പിടികൂടുകയുമായിരുന്നു. മാർച്ച് മാസം മുപ്പതാം തീയതി സമാനമായ രീതിയിൽ യുവാവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ വനത്തിൽ എത്തിച്ചുവെങ്കിലും അന്ന് കൊലപാത ശ്രമം നടത്താൻ സാധിച്ചില്ല എന്നും ഇവര് പോലീസിനോട് പറഞ്ഞു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ജയപ്രസാദ് കെ.പി, എസ്.ഐ മാരായ സെൽവരാജ് ടി.ടി , അനിൽകുമാർ വി.പി, സി.പി.ഓ മാരായ ജിമ്മി ജേക്കബ്, രാജീവ്. ആർ, ടോമി സേവിയർ, സജിത്ത്, ബിജേഷ് ബി.കെ, സുനീഷ്, ജസ്റ്റിൻ ജോർജ്, സലിം കുട്ടി, രാജേന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.പ്രതികളിൽ ഒരാളായ പ്രസീദിന് പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ കൊലപാതക കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഭാര്യ ഭാര്യ : സൂര്യ. മക്കൾ : ആരാധിക , ആരുഷിക. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇൻവെസ്റ്റ് പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം പോലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം പിന്നീട്.