കൊച്ചി: കരുവന്നൂർ കള്ളപ്പണ കേസിൽ നടപടി കടുപ്പിച്ച് ഇഡി. സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസിന് ഇ ഡി വീണ്ടും സമൻസ് അയച്ചു. ഇന്ന് കൊച്ചിയിലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. ഇന്നലെ ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും എം എം വർഗീസ് എത്തിയിരുന്നില്ല.
തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഹാജരാകാനാകില്ലെന്ന് വർഗ്ഗീസ് ഇഡിയെ അറിയിച്ചിരുന്നു. ഇത് തള്ളിയാണ് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. ബാങ്കിലെ സിപിഐഎം അക്കൗണ്ടിന്റെ വിവരങ്ങൾ ഹാജരാക്കാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പികെ ബിജു, തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് എന്നിവരോടായിരുന്നു ഇന്നലെ ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരും ഇന്നലെ ഹാജരായിരുന്നില്ല. കരുവന്നൂരിലെ രഹസ്യ അക്കൗണ്ടുകള്‍ വഴി 78 കോടി രൂപയുടെ ഇടപാട് നടന്നുവെന്നാണ് ഇഡിയുടെ ആക്ഷേപം. ഇതിനൊപ്പം ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടുകള്‍ ഉള്‍പ്പടെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
സിപിഐഎമ്മിൻ്റെ ഇതര അക്കൗണ്ട് വിവരങ്ങളും എം എം വർഗീസിനോട് ഇഡി ചോദിച്ചേക്കും. നേരത്തെ സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ചോദ്യം ചെയ്യുന്ന ദിവസം തന്നെ തൃശ്ശൂർ ബാങ്ക് ഓഫ് ഇന്ത്യയിൽ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പരിശോധന നടത്തുകയും സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് പരിശോധിക്കുകയും ചെയ്തിരുന്നു. അഞ്ച് കോടി 10 ലക്ഷം രൂപ ഉണ്ടായിരുന്ന അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ ഏപ്രിൽ രണ്ടിന് പിൻവലിച്ചിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. പിൻവലിച്ച തുക ചെലവഴിക്കരുത് എന്ന നിർദ്ദേശവും ആദായ നികുതി വകുപ്പ് നൽകിയിരുന്നില്ല.
ബാങ്ക് ഓഫ് ഇന്ത്യയിൽ ഈ അക്കൗണ്ട് ഉള്ള കാര്യം ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നില്ല എന്നാണ് ഇ ഡി വാദം. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് ഒന്നും ഒളിപ്പിക്കാനില്ലെന്നായിരുന്നു എം എം വർഗീസിൻ്റെ പ്രതികരണം. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ സിപിഐഎം സംസ്ഥാന നേതൃത്വവും വിമർശനം ഉന്നയിച്ചിരുന്നു.