തിരുവനന്തപുരം: മാസപ്പടിയിലെ ഇ ഡി അന്വേഷണപ്പേടിയില്‍ സെക്രട്ടേറിയറ്റും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും സെക്രട്ടറിയേറ്റിലും നിയന്ത്രണങ്ങളും സുരക്ഷയും വര്‍ദ്ധിപ്പിച്ചു.ഉദ്യോഗസ്ഥരുടെ പോലും തിരിച്ചറിയല്‍രേഖ പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്. വോട്ടെടുപ്പിന് മുമ്പേ ഇ ഡി മുഖ്യമന്ത്രിയുടെ മകള്‍ വീണയെ ചോദ്യം ചെയ്തേക്കുമെന്ന ഭീതിയിലാണ് നടപടി.ഇ ഡി ഉദ്യോഗസ്ഥരെ ക്ലിഫ് ഹൗസിലും സെക്രട്ടേറിയറ്റിലേക്കും കടത്തിവിടാതിരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ക്ലിഫ്ഹൗസ് റോഡിന് ഇരുവശത്തും താമസിക്കുന്നവരുടെ വാഹനങ്ങള്‍ പോലും പരിശോധിക്കുന്നുണ്ട്. വ്യവസായവകുപ്പിലേക്ക് ഇ ഡി എത്തിയേക്കുമെന്നതിനാലാണ് സെക്രട്ടേറിയറ്റിലെ പരിശോധനകള്‍. പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കി. ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ച സിഎംആര്‍എല്‍ എംഡിയെ വീട്ടില്‍ പോയി ഇ ഡി ചോദ്യം ചെയ്തതാണ് മുന്‍കരുതല്‍ കടുപ്പിക്കാന്‍ കാരണമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്‍കിയതുമായി ബന്ധപ്പെട്ട് കൃത്യമായ വിശദീകരണം നല്കാന് സിഎംആര്‍എല്ലിനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കടന്നേക്കുമെന്നാണ് സൂചന. മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ ഇ ഡി ശക്തമാക്കി കഴിഞ്ഞു. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാലുടന്‍ ഇതിലേക്ക് ഇ ഡി കടക്കും. ഇതിനായി പഴുതടച്ച ചോദ്യാവലി തന്നെ ഇ ഡി തയ്യാറാക്കിയിട്ടുണ്ട്.