തിരുവനന്തപുരം : വോട്ടെടുപ്പ് ദിനത്തില്‍ കേരളത്തില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന ചൂടെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ശക്തമായ ചൂടാണ് ഇന്നലെ പകല്‍ അനുഭവപ്പെട്ടത്. നേരത്തേ തന്നെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുതന്നെയാണ് കേരളത്തില്‍ ഇന്നലെ സംഭവിച്ചത്. വോട്ടെടുപ്പിനിടെ കേരളത്തില്‍ ഇന്നലെ എട്ട് പേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇതിനും ചൂട് കാരണമായോ എന്ന സംശയമുണ്ട്. അങ്ങനെയുള്ള സാധ്യതകളുണ്ടെന്നാണ് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. എൻ എം അരുണ്‍ പറയുന്നത്.
ഈ കാലാവസ്ഥയില്‍ കഴിയുന്നതും തെരഞ്ഞെടുപ്പ് പോലുള്ള പരിപാടികള്‍ ഉണ്ടാകാതിരിക്കേണ്ടതാണ്, എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അങ്ങനെയുണ്ടായി, രാത്രി വൈകിയും വോട്ടെടുപ്പ് സമയം നീട്ടിയും മറ്റും ഇതിനെ അതിജീവിക്കാൻ ശ്രമിക്കാമായിരുന്നു, അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ പല പ്രയാസങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും ഡോ. അരുണ്‍. പാലക്കാടാണ് ഇന്നലെ ഏറ്റവുമധികം ചൂട് അനുഭവപ്പെട്ടത്. 41.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു പാലക്കാട്ടെ ഇന്നലത്തെ താപനില. പാലക്കാട് ഉഷ്ണതരംഗവും ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇവിടെ ഉഷ്ണതരംഗം തുടരുമെന്നാണ് ഇപ്പോള്‍ കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. അതിനാല്‍ പാലക്കാടുള്ളവര്‍ ജാഗ്രതയോടെ തുടരണം. ദീര്‍ഘസമയം പുറത്ത് തുടരുന്നതൊഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, പുറത്തിറങ്ങുകയാണെങ്കില്‍ തൊപ്പി, കണ്ണട എന്നിവ ധരിക്കുക, അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക എന്നിങ്ങനെ പല കാര്യങ്ങളും ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധിച്ച് ചെയ്യേണ്ടതുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലക്കാട് മാത്രമല്ല, കൊല്ലം, തൃശൂര്‍ ജില്ലകളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പൊതുവെ ഈ ജില്ലകളില്‍ ചൂട് കൂടുതലായി അനുഭവപ്പെടും. ഇന്നലെ കേരളത്തില്‍ മിക്കയിടങ്ങളിലും 36 ഡിഗ്രിക്ക് മുകളില്‍ ചൂട് പോയിട്ടുണ്ട്. അതില്‍ തന്നെ പല സ്ഥലങ്ങളിലും 37, 38, 39, 40, 41 എന്നിങ്ങനെ ചൂട് കൂടിക്കൂടി വന്നതേയുള്ളൂ. വെള്ളാനിക്കര, പാലക്കാട്, കരിപ്പൂർ, കോഴിക്കോട്, കൊച്ചി സ്റ്റേഷനുകളില്‍ മുൻവര്‍ഷത്തെ താരതമ്യപ്പെടുത്തുമ്ബോള്‍ ഇന്നലെ കൊടും ചൂട് അനുഭവപ്പെട്ടു എന്ന് പറയാം. അതിനാല്‍ തന്നെ വോട്ടെടുപ്പ് ദിനത്തില്‍ ചൂട് ആളുകളെ ബാധിച്ചു എന്ന് നിസംശയം പറയാം.