തിരുവനന്തപുരം: സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വകവുമായി വോട്ടെടുപ്പ് നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കനത്ത ചൂടില്‍ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും വോട്ട് ചെയ്യാനാകാതെ നിരവധി പേര്‍ മടങ്ങിയ സംഭവങ്ങളുണ്ടായി. ആറു മണിക്ക് മുന്‍പ് ബൂത്തില്‍ എത്തിയ നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പല സ്ഥലങ്ങളിലുമുണ്ടായി. സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും ഒഴിവാക്കി വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌ക്കരിക്കുന്നതിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം, വടകരയില്‍ രാത്രി വൈകിയും നീണ്ട പോളിങ്ങില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉടൻ പരാതി നല്‍കാനൊരുങ്ങുകയാണ് യുഡിഎഫ്. യുഡിഎഫ് അനുകൂല ബൂത്തുകളില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം ബോധപൂർവം അട്ടിമറി നടത്താൻ ശ്രമിച്ചു എന്നാണ് യുഡിഎഫ് ആക്ഷേപം. എന്നാല്‍, വൈകീട്ട് കൂടുതല്‍ വോട്ടർമാർ കൂട്ടത്തോടെ എത്തിയതാണ് പോളിങ് നീളാൻ കാരണം എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. പരാതി കിട്ടിയാല്‍ പരിശോധിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സഞ്ജയ് കൗള്‍ അറിയിച്ചിരുന്നു. കേരളം ഉറ്റുനോക്കുന്നൊരു മണ്ഡലമാണ് വടകര. ഇഞ്ചോടിഞ്ച് പോരാട്ടമാണ് വടകരയില്‍ നടക്കുന്നത്. യുഡിഎഫിന് വേണ്ടി ഷാഫി പറമ്ബില്‍ എല്‍ ഡി എഫിന് വേണ്ടി കെകെ ശൈലജ എന്നിവരാണ് മത്സരിക്കുന്നത്. ഇവര്‍ തമ്മില്‍ തന്നെയാണ് മത്സരം. പ്രഫുല്‍ കൃഷ്ണനാണ് എൻഡിഎയുടെ സ്ഥാനാര്‍ത്ഥി.