ഡല്‍ഹി: അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. രാഹുല്‍ ഗാന്ധി അമേഠിയിലും പ്രിയങ്ക റായ്ബറേലിയിലും മത്സരിക്കുമെന്നാണ് സൂചന.മേയ് മൂന്നാണ് നാമനിർദേശ പത്രിക സമർപ്പിക്കുവാനുള്ള അവസാന ദിവസം. മേയ് 20ന് വോട്ടെടുപ്പും നടക്കും. തെരഞ്ഞെടുപ്പിന് അധികം ദിവസമില്ലാത്തതിനാല്‍ ഉടൻ പ്രഖ്യാപനം ഉണ്ടാകണമെന്നാണ് ഉത്തർപ്രദേശ് പിസിസി അടക്കം ആവശ്യപ്പെടുന്നത്. അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ സോണിയാ ഗാന്ധിയുമാണ് നേരത്തെ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചിരുന്നത്. 2004 മുതല്‍ സോണിയ ജയിച്ച മണ്ഡലം കൂടിയാണ് റായ്ബറേലി. 2019ല്‍ യുപിയിലെ 62 മണ്ഡലങ്ങളിലും ബി.ജെ.പി ജയിച്ചപ്പോള്‍ റായ്ബറേലിയില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്.
രാജ്യസഭയിലേക്ക് സോണിയ തെരഞ്ഞെടുക്കപ്പെടുകയും ഇത്തവണ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അമേഠിയില്‍ കഴിഞ്ഞ തവണ രാഹുല്‍ പരാജയപ്പെട്ടിരുന്നു. 55000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അന്ന് ബി.ജെ.പിയുടെ സ്മൃതി ഇറാനി ജയിച്ചത്. ഇത്തവണ സ്മൃതിയെ തന്നെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. രാഹുല്‍ മത്സരിക്കുന്ന മറ്റൊരു ലോക്സഭാ മണ്ഡലമായ വയനാട്ടില്‍ ഇന്നലെയായിരുന്നു തെരഞ്ഞെടുപ്പ്. പാര്‍ട്ടി തന്നോട് എന്താവശ്യപ്പെട്ടാലും അതു ചെയ്യുമെന്ന് രാഹുല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.രാഹുല്‍ അമേഠിയില്‍ നിന്നോ റായ്ബറേലിയില്‍ നിന്നോ മത്സരിച്ചേക്കുമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.അതിനിടെ പ്രിയങ്കയുടെ ഭര്‍ത്താവ് റോബർട്ട് വാദ്രയ്ക്ക് ഇത്തവണ മണ്ഡലത്തില്‍ അവസരം നല്‍കണമെന്ന പോസ്റ്ററുകള്‍ ഈ ആഴ്ച ആദ്യം അമേഠിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.