ന്യൂഡല്‍ഹി: കല്യാണ വീട്ടില്‍ നിന്ന് ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരൻ മരിച്ചു. അമ്മയോടൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി, അവിടെ ഉണ്ടായിരുന്ന ഡ്രൈ ഐസ്, സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച് കഴിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരുന്നതിനിടെയായിരുന്നു അന്ത്യം. ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിലാണ് സംഭവം. വിവാഹ ചടങ്ങില്‍ അലങ്കാര നിർമിതികള്‍ക്ക് വേണ്ടിയാണത്രെ ഡ്രൈ ഐസ് കൊണ്ടുവന്നത്. വേദിയില്‍ മഞ്ഞ് പോലുള്ള അവസ്ഥ സൃഷ്ടിക്കാൻ ഇത് ഉപയോഗിച്ചിരുന്നു. ഇതിനിടെയാണ് അമ്മയോടൊപ്പം ചടങ്ങിനെത്തിയ ഖുശാന്ത് സാഹു എന്ന കുട്ടി, സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച് ഡ്രൈ ഐസ് കഴിച്ചത്.
പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ ശേഷം കുട്ടിയ്ക്ക് ശാരീരിക അവശതകളുണ്ടായി. ഇതോടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെയായിരുന്നു അന്ത്യം. കാർബണ്‍ ഡൈഓക്സൈഡിന്റെ സാന്ദ്രീകൃത രൂപമാണ് ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്. ഇത് അബദ്ധത്തില്‍ കഴിച്ചാല്‍ പോലും ‘കോള്‍ഡ് ബേണ്‍’ എന്ന് അറിയപ്പെടുന്ന തണുപ്പ് കൊണ്ടുള്ള പൊള്ളലേല്‍ക്കും. മൈനസ് 78 ഡിഗ്രി സെല്‍ഷ്യസ് ഉപരിതല താപനിലയിലുള്ള ഡ്രൈ ഐസ് മരുന്നുകളും ഭക്ഷ്യ വസ്തുക്കളും ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്ബോള്‍ കേടാകാതിരിക്കാൻ വേണ്ടി ഉപയോഗിക്കാറുണ്ട്. പെട്ടെന്ന് ഉരുകില്ലെന്നതിന് പുറമെ സാധനങ്ങളില്‍ ഈർപ്പം തട്ടില്ലെന്നത് കൂടി ഡ്രൈ ഐസ് ഉപയോഗിക്കുമ്പോഴുള്ള നേട്ടമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ഡ്രൈ ഐസിന്റെ തെറ്റായ ഉപയോഗം വലിയ അപകടങ്ങള്‍ വരുത്തി വെയ്ക്കുകയും ചെയ്യും. കടുത്ത തണുപ്പ് കാരണം ഇവ പൊള്ളലിന് സമാനമായ അവസ്ഥയുണ്ടാക്കും. മാർച്ച് മാസത്തില്‍ ഗുഡ്ഗാവിലെ ഒരു റസ്റ്റോറന്റില്‍ മൗത്ത് ഫ്രഷ്നറിന് പകരം ഡ്രൈ ഐസ് ഉപയോഗിച്ചതിനെ തുടർന്ന് അഞ്ച് പേർക്ക് പൊള്ളലേല്‍ക്കുകയും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇവർ റസ്റ്റോറന്റില്‍ വെച്ച് രക്തം ഛർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.