ഭാര്യ പാക്കിസ്ഥാനിയാണെന്ന് പ്രചാരണം; സംഭവത്തിൽ പ്രതികരിച്ച് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ധ്രുവ് റാഠി

ന്യൂഡല്‍ഹി: വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരിച്ച്‌ സോഷ്യല്‍ മീഡിയാ ഇൻഫ്ളുവൻസർ ധ്രുവ് റാഠി. തൻറെ ഭാര്യ പാകിസ്താനിയാണെന്ന തരത്തില്‍ സമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെയാണ് കേന്ദ്ര സർക്കാരിന്റെ നിശിത വിമർശകൻ കൂടിയായ അദ്ദേഹം രംഗത്തെത്തിയത്. എന്റെ വിമർശനങ്ങള്‍ക്ക് അവർക്ക് ഉത്തരമില്ല. അതുകൊണ്ട് വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുകയാണ്. ഭാര്യയെയും കുടുംബത്തെയും ഇതിലേക്ക് കൊണ്ടുവരണമെങ്കില്‍ എന്തുമാത്രം നിരാശരായിരിക്കണം നിങ്ങള്‍. ഈ ഐടി സെല്‍ ജീവനക്കാരുടെ വെറുപ്പുളവാക്കുന്ന ധാർമികനിലവാരവും ഇതില്‍നിന്ന് മനസ്സിലാക്കാം’ – എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ധ്രുവ് റാഠി ആരോപിച്ചു. ധ്രുവ് റാഠിയുടെ യഥാർഥ പേര് ബദറുദ്ദീൻ റഷീദ് ലഹോരി എന്നാണെന്നും ഭാര്യ ജൂലി പാകിസ്താൻ സ്വദേശിയായ സുലേഖയാണെന്നുമായിരുന്നു പ്രചാരണം.

ഇരുവരും പാകിസ്താൻ പട്ടാളത്തിന്റെ സംരക്ഷണത്തില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലുള്ള ബംഗ്ളാവില്‍ കഴിയുകയാണെന്നും പ്രചാരണമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി സർക്കാരിനെയും വിമർശിച്ചുകൊണ്ടുള്ള ധ്രുവ് റാഠിയുടെ യുട്യൂബ് വീഡിയോകള്‍ വലിയ പ്രചാരം നേടിയതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ ഉയർന്നത്. ഹരിയാണ സ്വദേശിയായ ധ്രുവ്, നിലവില്‍ ജർമനിയിലാണ് താമസിക്കുന്നത്. പഠനകാലയളവില്‍ കണ്ടുമുട്ടിയ ജൂലി ലിബറാണ് ഭാര്യ. ദി കേരളാ സ്റ്റോറി’ എന്ന സിനിമയേക്കുറിച്ചുള്ള വസ്തുതകള്‍ വിശദീകരിക്കുന്ന വീഡിയോ അടക്കമുള്ള അദ്ദേഹത്തിന്റെ വീഡിയോകള്‍ കേരളത്തിലും വലിയ പ്രചാരം നേടിയിരുന്നു. അദ്ദേഹത്തിന്റെ ഹിന്ദി യൂട്യൂബ് ചാനലിന് നിലവില്‍ 1.9 കോടി സബ്സ്ക്രൈബർമാരാണുള്ളത്. നരേന്ദ്ര മോദിയെ നിശിതമായി വിമർശിക്കുന്ന വീഡിയോ അടുത്തിടെ വലിയതോതില്‍ ചർച്ചചെയ്യപ്പെട്ടിരുന്നു. ഹരിയാണ സ്വദേശിയായ ധ്രുവ് റാഠി ജർമനിയിലാണ് ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയത്.

Hot Topics

Related Articles