ഷാര്‍ജ: അസ്ഥിരമായ കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്ന് ഷാര്‍ജയിലെ എല്ലാ സ്കൂളുകള്‍ക്കും മെയ് രണ്ട് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര പഠനം ഉണ്ടാകും. വ്യാഴാഴ്ച എമിറേറ്റിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദൂര പഠനം ആയിരിക്കുമെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യൂക്കേഷനല്‍ അതോറിറ്റി അറിയിച്ചു.
ഷാര്‍ജ സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന എല്ലാ കായിക പ്രവര്‍ത്തനങ്ങളും മെയ് രണ്ട്, മൂന്ന് തീയതികളില്‍ നിര്‍ത്തിവെക്കും. അസ്ഥിരമായ കാലാവസ്ഥയെ തുടര്‍ന്ന് എമിറേറ്റിലെ പാര്‍ക്കുകളും അടച്ചിടും. ദുബൈയിലും സമാന രീതിയില്‍ പ്രഖ്യാപനം ഉണ്ടായിട്ടുണ്ട്. മെയ് രണ്ട് വ്യാഴം, മെയ് മൂന്ന് വെള്ളി ദിവസങ്ങളില്‍ ദുബൈയിലെ എല്ലാ സ്വകാര്യ സ്കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര പഠനം ആയിരിക്കുമെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോറിറ്റി അറിയിച്ചു. സ്കൂളുകള്‍, നഴ്സറികള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവയ്ക്ക് ഈ തീരുമാനം ബാധകമാണ്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം എല്ലാ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം അനുവദിക്കാന്‍ തൊഴിലുടമകള്‍ക്ക് യുഎഇ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. ജോലിസ്ഥലത്ത് തൊഴിലാളിയുടെ സാന്നിധ്യം അനിവാര്യമായ തൊഴിലുകളൊഴികെ ബാക്കിയുള്ള മേഖലകളില്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ദേശീയ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദ്ദേശത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിരിക്കുകയാണ്.