ഹൈദരാബാദ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 50ാം മത്സരത്തില്‍ രാജസ്ഥാന് റോയല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍.9 മത്സരത്തില്‍ നിന്ന് 8ലും ജയിച്ച രാജസ്ഥാന് ഇന്ന് ജയിക്കാനായാല്‍ പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാനായേക്കും. പോയിന്റ് പട്ടികയില്‍ തലപ്പത്താണ് രാജസ്ഥാനുള്ളത്. അതേ സമയം ഹൈദരാബാദ് 9 മത്സരത്തില്‍ നിന്ന് 5 ജയം നേടി 10 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ ഇനിയുള്ള മത്സരങ്ങളെല്ലാം ഹൈദരാബാദിന് നിര്‍ണ്ണായകമാണ്. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കാതെ ഹൈദരാബാദിന് പ്ലേ ഓഫിലേക്കെത്താനായേക്കില്ല. അവസാന രണ്ട് മത്സരവും തോറ്റ സമ്മര്‍ദ്ദവും ഹൈദരാബാദിനുണ്ട്. ബാറ്റിങ് നിരയുടെ അമിത ആത്മവിശ്വാസമാണ് ടീമിനെ പിന്നോട്ടടിക്കുന്നത്. ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കുന്ന ഹൈദരാബാദ് സീസണില്‍ 3 തവണയാണ് 250ലധികം റണ്‍സടിച്ചത്.
എന്നാല്‍ ഈ മികവ് അവസാന മത്സരങ്ങളില്‍ ആവര്‍ത്തിക്കാനാവുന്നില്ല. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ എന്നിവരില്‍ ടീം അമിത പ്രതീക്ഷ വെക്കുന്നു.രണ്ട് പേരും പെട്ടെന്ന് മടങ്ങുമ്ബോള്‍ ടീം സമ്മര്‍ദ്ദത്തിലാവുന്നു. അവസാന മത്സരങ്ങളിലെ ഹെന്റിച്ച് ക്ലാസന്റെ ഫോമും നിരാശപ്പെടുത്തുന്നതാണ്. എയ്ഡന്‍ മാര്‍ക്രമിനും വലിയ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. രാജസ്ഥാന് റോയല്‍സ് മിന്നും ഫോമിലാണ്. സഞ്ജു സാംസണ് നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കുന്നു. ഓപ്പണിങ്ങില്‍ യശ്വസി ജയ്സ്വാളും ജോസ് ബട്ലറും മികച്ച തുടക്കം നല്‍കുന്നുണ്ട്. മധ്യനിരയില്‍ ദ്രുവ് ജുറേലും ഫോമിലേക്കെത്തിയത് രാജസ്ഥാന് ആത്മവിശ്വാസം നല്കുന്നു.സന്ദീപ് ശര്‍മ, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന് എന്നിവരുടെ പേസ് മികവും യുസ് വേന്ദ്ര ചഹാലിന്റെ സ്പിന്‍ മികവും രാജസ്ഥാന് ആത്മവിശ്വാസം നല്കുന്നു. രാജസ്ഥാന് ഭീഷണി ഉയര്‍ത്തുന്ന ബൗളിങ് നിര ഹൈദരാബാദിനുണ്ട്. ടി നടരാജന്റെ ഡെത്തോവര്‍ ബൗളിങ്ങിനെ രാജസ്ഥാന് ഭയക്കണം. നേര്‍ക്കുനേര്‍ കണക്കില്‍ ഇരു ടീമും തുല്യരാണ്. 18 മത്സരത്തില്‍ 9 തവണ വീതം ഇരു ടീമും ജയിച്ചു. തട്ടകത്തിന്റെ മുന്‍തൂക്കം ഹൈദരാബാദിനുണ്ട്.