തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിട്ടു. മേയ് 9 ന് തിരുവനന്തപുരത്ത് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. നേമം സ്വദേശി എൽ എച്ച് യദു സമർപ്പിച്ച പരാതിയിലാണ് നടപടി. ആര്യാ രാജേന്ദ്രൻ, ഡി എൻ സച്ചിൻ, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയാണ് പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏപ്രിൽ 27 ന് കെഎസ്ആർടിസി ബസിന്റെ യാത്ര തടസ്സപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. തന്നെ അസഭ്യം വിളിക്കുകയും യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു. ഏപ്രിൽ 27 ന് രാത്രി പത്തരയ്ക്ക് കന്റോൺമെന്റ് എസ്.എച്ച്.ഒക്ക് പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ബസിന്റെ മുൻഭാഗത്തുള്ള ക്യാമറകൾ പരിശോധിച്ചാൽ നടന്നത് ബോധ്യമാവും. എന്നാൽ യാതൊരു അന്വേഷണവും നടത്താതെ തനിക്കെതിരെ കേസെടുത്തുവെന്നും യദുവിന്റെ പരാതിയില്‍ പറയുന്നു.
കന്റോൺമെന്റ് എസ്.എച്ച്.ഒയെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി മറ്റൊരു ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നാണ് യദുവിന്റെ ആവശ്യം. ഒന്ന് മുതൽ അഞ്ച് വരെയുള്ള എതിർകക്ഷികൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും തന്നെയും യാത്രക്കാരെയും സഞ്ചരിക്കാൻ അനുവദിക്കാത്തതിനുമെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.