ഗാന്ധിനഗർ : യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര കരിപ്പൂത്തട്ട് സൂര്യകവല ഭാഗത്ത് നാഗംവേലിൽ വീട്ടിൽ രാഹുൽ (19), ആർപ്പൂക്കര വില്ലൂന്നി കരിയമ്പുഴ വീട്ടിൽ ജിത്തു ജിനു (20), ആർപ്പൂക്കര വില്ലൂന്നി ചൂരക്കാവ് ഭാഗത്ത് തോപ്പിൽ വീട്ടിൽ ഹരിക്കുട്ടൻ (24), ആർപ്പൂക്കര കരിപ്പൂത്തട്ട് സൂര്യകവല ഭാഗത്ത് കരിവേലിൽ വീട്ടിൽ കിരൺ കെ.ഹരിദാസ് (20) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേർന്ന് ഏപ്രിൽ 26 ആം തീയതി വെളുപ്പിനെ 3:30 മണിയോടുകൂടി കരിപ്പൂത്തട്ട് കൊല്ലന്തറ ഭാഗത്ത് വച്ച് ആര്‍പ്പൂക്കര സ്വദേശിയായ യുവാവിനെ മർദ്ദിക്കുകയും, വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. രാഹുലിന് യുവാവിനോട് മുന്‍ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ നാലുപേരെയും പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ സിനോദ്.കെ, എസ്.ഐ മാരായ രൂപേഷ്, ബസന്ത്, സി.പി.ഓ മാരായ ഷാമോൻ, രഞ്ജിത്ത്, അനൂപ്, രാജീവ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.