കോട്ടയത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: നിന്റെ തല തല്ലിപ്പൊട്ടിക്കും.. പൊലീസിനെ വിളിയെടാ.. എന്നെ പൊലീസ് ഒന്നും ചെയ്യില്ല. നഗരമധ്യത്തിലെ ആഭിലാഷ് – ആനന്ദ് തീയറ്റർ കോംപ്ലക്‌സിൽ അഴിഞ്ഞാടിയ അക്രമിയായ പതിനാലുകാരന്റെ ആക്രോശമായിരുന്നു ഇത്. മുൻപ് തീയറ്ററിൽ എത്തിയിരുന്ന കുട്ടി നടത്തിയ അക്രമങ്ങളാണ് ഇപ്പോൾ പുറത്തു വന്ന വീഡിയോയിൽ ഉള്ളത്. പൊലീസ് തന്നെയാണ് ഈ വീഡിയോ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ മുഖം മറച്ചുള്ള വീഡിയോയാണ് ഇപ്പോൾ ജാഗ്രതാ ന്യൂസ് ലൈവ് പുറത്തു വിട്ടിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാഴ്ച മുൻപാണ് തീയറ്ററിനെ ഭീതിയിൽ മുക്കിയ സംഭവം ആദ്യം ഉണ്ടായത്. അജഗജാന്തരം എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി സിനിമാ താരം പെപ്പൈ തീയറ്ററിൽ എത്തിയിരുന്നു. സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി തീയറ്ററിൽ എത്തിയ പെപ്പേ കേക്ക് മുറിച്ചു. തുടർന്നു, പെപ്പേ മടങ്ങിയതിനു പിന്നാലെയാണ് പതിനാലുകാരൻ ഭീഷണിയുമായി എത്തിയത്. തീയറ്ററിൽ എത്തിയ ആളുകളിൽ നിന്നും ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തിയ കുട്ടി, ടിക്കറ്റ് എടുക്കുന്നവരോട് തനിക്കും സിനിമയ്ക്കു കയറാൻ ടിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടു.
ക്യൂ നിന്ന ആളുകളിൽ ചിലർ ടിക്കറ്റ് എടുത്തു നൽകിയെങ്കിലും നിരന്തരം തീയറ്ററിനുള്ളിൽ നിന്നും പണപ്പിരിവ് നടത്തുന്ന കുട്ടിയ്ക്ക് ടിക്കറ്റ് നൽകേണ്ടെന്നായിരുന്നു മാനേജ്‌മെന്റ് തീരുമാനം. ഇതേ തുടർന്നു കുട്ടിയെ തീയറ്ററിൽ ഷോയ്ക്കു പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായില്ല. ഇതേ തുടർന്നാണ് കേക്ക് മുറിയ്ക്കാൻ വച്ചിരുന്ന കത്തിയുമായി കുട്ടി തീയറ്ററിനുള്ളിൽ അതിക്രമം നടത്തിയത്. സംഭവം വിവാദമായി മാറിയതോടെ തീയറ്റർ അധികൃതർ പൊലീസിനെ വിളിച്ചു. എന്നാൽ, പൊലീസിനു മുന്നിൽ വച്ചു പോലും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണ് കുട്ടി ചെയ്തത്.
മിക്ക ദിവസങ്ങളിലും ഈ കുട്ടി തീയറ്ററിൽ എത്തി ഭീഷണി മുഴക്കുന്നത് പതിവാണ്. മുൻപ് സൈക്കിൾ മോഷണക്കേസിൽ ഈ പതിനാലുകാരനെ പൊലീസ് പിടികൂടിയിരുന്നു. തുടർന്നു, തിരുവഞ്ചൂർ ജുവനൈൽ ഹോമിൽ അടച്ചെങ്കിലും ഇവിടെ നിന്നും ചാടിയാണ് ഇപ്പോൾ അക്രമം നടത്തുന്നത്. കുട്ടിയെ കറക്ഷൻ ഹോമിലേയ്ക്കു മാറ്റി സ്വഭാവ രൂപീകരണം വരുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ കുട്ടിയെ അതിവേഗം ചികിത്സയ്ക്കു വിധേയനാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ വലിയൊരു അക്രമത്തെയാവും നേരിടേണ്ടി വരികയെന്നും നാട്ടുകാർ പറയുന്നു.