തൃശൂർ: ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു. 82 വയസായിരുന്നു. അറുപതിലേറെ നാടകങ്ങൾക്കും 10 സിനിമകൾക്കും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. തൃശൂർ പള്ളത്തുവീട്ടിൽ നാരായണൻ നായരുടെയും അമ്മിണിയമ്മയുടെയും മകനാണ്, പി ഗോവിന്ദൻകുട്ടിയെന്ന ജി കെ പള്ളത്ത്.
1958ൽ തൃശൂരിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടി പ്ലീനത്തില്‍ കെ എസ് ജോർജ്ജും സുലോചനയും ആലപിച്ച ‘രക്തത്തില്‍ നീന്തിവരും’ എന്ന ഗാനമാണ് ആദ്യമായെഴുതിയത്. 1978 ല്‍ ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ പി ജയചന്ദ്രന്‍ ആലപിച്ച ‘കാറ്റ് വന്നു നിന്റെ കാമുകന്‍ വന്നു’ എന്ന ഹിറ്റ് ഗാനം എഴുതിക്കൊണ്ടായിരുന്നു സിനിമയിലെ അരങ്ങേറ്റം. ധൂർത്തുപുത്രി, കുടുംബവിളക്ക് എന്നീ നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. 1997 ല്‍ റവന്യൂ ഡിപ്പാർട്ടുമെന്റില്‍ നിന്നും ഡപ്യൂട്ടി തഹസീല്‍രായി വിരമിച്ചു. സംസ്കാരം തിങ്കഴാഴ്ച വൈകിട്ട് നാലിന് പാറമേക്കാവ് ശാന്തി ഘട്ടില്‍ വെച്ച് നടക്കും.