തിരുവനന്തപുരം: മദ്യക്കമ്ബനികള്‍ ചില്ലുകുപ്പികളില്‍ മദ്യം നല്‍കണമെന്ന നിലപാടില്‍ നിന്നു ബിവറേജസ് കോർപ്പറേഷൻ പിൻവലിഞ്ഞു. മദ്യം വില്‍ക്കുന്ന പ്ളാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് പുനരുപയോഗത്തിന് നല്‍കാനുള്ള പദ്ധതിയും ഉപേക്ഷിച്ചു. രണ്ടു തീരുമാനങ്ങളും നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണ് കോർപ്പറേഷന്റെ നിലപാട്.
പ്രതിവർഷം 56 കോടി കുപ്പികളിലാണ് ബെവ്കോ മദ്യം വില്‍ക്കുന്നത്. ബാറുകള്‍ക്ക് വില്‍ക്കുന്ന കുപ്പികള്‍ അവരുടേതായ സംവിധാനത്തില്‍ മാറ്റുന്നുണ്ട്. ചില്ലറവില്പന ശാലകളിലൂടെ വിനിമയംചെയ്യുന്ന കുപ്പികളാണ് മാലിന്യപ്രശ്നമുണ്ടാക്കുന്നത്. ശുചിത്വ മിഷനുമായി സഹകരിച്ച് കുടുംബശ്രീ സഹായത്തോടെ ഉപയോഗശൂന്യമായ കുപ്പികള്‍ ശേഖരിച്ച് പുനരുപയോഗ സ്ഥാപനങ്ങളിലേക്ക് എത്തിക്കാനുള്ള ചർച്ച ബെവ്കോ നടത്തിയിരുന്നു. സാമ്ബത്തിക ബാദ്ധ്യതയും കുപ്പികള്‍ ശേഖരിച്ച് സൂക്ഷിക്കാനുള്ള അസൗകര്യവും കാരണമാണ് അത് ഉപേക്ഷിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്ളാസ്റ്റിക് നിരോധനം മുൻനിറുത്തി മദ്യം ചില്ല് കുപ്പികളില്‍ നല്‍കണമെന്ന് കഴിഞ്ഞ വർഷമാണ് ബെവ്കോ നിർദ്ദേശം നല്‍കിയത്. മദ്യക്കമ്ബനികള്‍ അത് ചെവിക്കൊണ്ടില്ല. ഉത്പാദനച്ചെലവ് കൂടുമെന്നതാണ് കാരണം. ബെവ്കോയുമായി കരാറില്‍ ഏർപ്പെടുമ്ബോള്‍ മാത്രമാണ് മദ്യവില നിശ്ചയിക്കാൻ കമ്ബനികള്‍ക്ക് അവകാശം. പിന്നീട് വില കൂട്ടാനുള്ള അധികാരം ബെവ്കോയ്ക്കാണ്.
കേരളത്തിന് അകത്തും പുറത്തുമായുള്ള മദ്യനിർമ്മാതാക്കളുള്‍പ്പെടെ 18 ഓളം ഡിസ്റ്റിലറി/ ബോട്ട്ലിംഗ് യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്. ആലപ്പുഴയിലെ എക്സല്‍ ഗ്ളാസ് ഫാക്ടറി പൂട്ടിയശേഷം ചില്ല് കുപ്പികള്‍ക്ക് ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെയാണ് ആശ്രയിക്കേണ്ടിവന്നത്. 750 മില്ലിയുടെ ഫുള്‍ബോട്ടില്‍ പ്ളാസ്റ്റിക് കുപ്പിക്ക് 10 മുതല്‍ 13 രൂപവരെ വിലയുള്ളപ്പോള്‍ ചില്ല് കുപ്പിക്ക് 20 മുതല്‍ 30 വരെയാവും വില. വെയർഹൗസുകളിലും ചില്ലറ വില്പന ശാലകളിലും മദ്യം ഇറക്കുകയും കയറ്റുകയും ചെയ്യുമ്ബോള്‍ കുപ്പി പൊട്ടി ഉണ്ടാവുന്ന നഷ്ടവും കമ്ബനികള്‍ സഹിക്കണം. ചില്ല് കുപ്പികളോടുള്ള താത്പര്യക്കുറവിന് കാരണം ഇതാണ്.