മുംബൈ: ഐപിഎല്ലിന് പിന്നാലെ നടക്കുന്ന ടി20 ലോകകപ്പില്‍ ടീം ഇന്ത്യ ധരിക്കുന്ന ജേഴ്സിയുടെ ചിത്രങ്ങള്‍ പുറത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇന്ത്യയുടെ ലോകകപ്പ് ജേഴ്സിയെന്ന് പറയുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ധരിച്ച കാവി നിറമുള്ള ജേഴ്സിയോട് സമാനതകളുള്ളതാണ് ഇപ്പോള്‍ പുറത്തുവന്ന ജേഴ്സി. എന്നാല്‍ ഇത് ഔദ്യോഗികമാണോ എന്ന കാര്യത്തില്‍ ഇതുവരെ ബിസിസിഐ വ്യക്തത വരുത്തിയിട്ടില്ല. അതിനിടെ ചുമലിലും കൈകളിലും കാവി നിറവും വി ഷേപ്പിലുള്ള കഴുത്തില്‍ പച്ച സ്ട്രിപ്പും ബാക്കി ഭാഗങ്ങളില്‍ പരമ്പരാഗത നീല നിറവുമടങ്ങിയ ജേഴ്സി കണ്ടതോടെ സകല മൂഡും പോയെന്നാണ് ആരാധകര്‍ പറയുന്നത്.
എന്നാല്‍ ലോകകകപ്പിന്റെ ഔദ്യോഗിക ജേഴ്സി ഇതുവരെ ജേഴ്സി ഇന്ത്യയുടെ കിറ്റ് സ്പോണ്‍സര്‍മാരായ അഡിഡാസ് പുറത്തുവിട്ടിട്ടില്ല. പിന്നെ എങ്ങനെയാണ് ലോകകപ്പ് ജേഴ്സിയുടെ ചിത്രങ്ങള്‍ പുറത്തുവന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ ആഴ്ചയാണ് ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെയും നാല് റിസര്‍വ് താരങ്ങളെയും ബിസിസിഐ പ്രഖ്യാപിച്ചത്. ഐപിഎല്ലിലെ മിന്നും പ്രകടനത്തിന്റെ കരുത്തില്‍ മലയാളി താരം സഞ്ജു സാംസണും ലോകകപ്പ് ടീമില്‍ ഇടം നേടിയിരുന്നു. ജൂണ്‍ രണ്ടിന് തുടങ്ങുന്ന ലോകകപ്പില്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെ ആണ് ഇന്ത്യയുടെ ആദ്യമത്സരം. ഒമ്ബതിന് ഇന്ത്യ പാകിസ്ഥാനെ നേരിടും. അഞ്ച് ടീമുകള്‍ വീതമുള്ള നാലു ഗ്രൂപ്പുകളായാണ് ഇത്തവണ ലോകകപ്പ് ടൂര്‍ണമെന്റ് നടക്കുന്നത്.