അരലക്ഷത്തിലേറെ അഭയാർഥികള്‍ വ്യാജ ആധാർ കാർഡുമായി കേരളത്തില്‍ കഴിയുന്നതായി മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു.ബംഗ്ലദേശ്, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് അധികവും. അസമിലെ മധുപുർ, നൗഗാവ്, ബംഗാളിലെ കലിംപോങ്, നദിയ, ഉത്തര ദിനാജ്പുർ, കേരളത്തിലെ പെരുമ്പാവൂർ എന്നിവിടങ്ങളിലെ ആധാർ കേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറി വ്യാജ ആധാർ കാർഡ് നിർമിച്ചതായാണു കണ്ടെത്തല്‍.
അഭയാർഥികള്‍ വിവിധ സംസ്ഥാനങ്ങളില്‍ തങ്ങുന്നതിനും ഇന്ത്യക്കാരായ കുറ്റവാളികള്‍ യാത്രാരേഖകളുണ്ടാക്കി രാജ്യം വിട്ടുപോവുന്നതിനും വ്യാജ ആധാർ കാർഡുകള്‍ ദുരുപയോഗിക്കുന്നുണ്ട്. മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അതിർത്തി സംസ്ഥാനങ്ങളില്‍ അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) നിരീക്ഷണം ശക്തമാക്കി. കേരളം അടക്കമുള്ള കടല്‍ത്തീര സംസ്ഥാനങ്ങളില്‍ കോസ്റ്റ് ഗാർഡും നിരീക്ഷണം വ്യാപിപ്പിച്ചു. വ്യാജ ആധാർ ഉപയോഗിച്ചു കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം നടക്കുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഒരു വർഷം മുൻപു സൂചന നല്‍കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫെബ്രുവരിയില്‍ മലപ്പുറം തൃപ്രങ്ങോട് അക്ഷയ കേന്ദ്രത്തിലെ ഓണ്‍ലൈൻ ആധാർ സംവിധാനത്തില്‍ നുഴഞ്ഞുകയറി 50 ആധാർ ഐഡികള്‍ വ്യാജമായി നിർമിച്ചതായി കേന്ദ്ര ഏജൻസി റിപ്പോർട്ട് ചെയ്തു. ബംഗാള്‍, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ഇന്റർനെറ്റ് പ്രോട്ടോകോള്‍ (ഐപി) വിലാസങ്ങളില്‍നിന്നാണു നുഴഞ്ഞുകയറ്റം നടത്തിയത്.കേരള പൊലീസിന്റെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളില്‍ പിടിച്ചെടുത്ത പല ആധാർ കാർഡുകളും വ്യാജമായി നിർമിച്ചതാണ്. വ്യാജ ആധാർ കാർഡ്നിർമിക്കുന്നതും തിരിച്ചറിയല്‍ രേഖയായി ദുരുപയോഗിക്കുന്നതും ആധാർ ആക്ട് (2016) പ്രകാരം 3 വർഷം വരെ തടവും 10,000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.