ജനീവ: സൗദി അറേബ്യയിൽ മൂന്ന് പേർക്ക് കൂടി മെർസ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ മരണപ്പെടുകയും ചെയ്തുവെന്ന് രാജ്യത്തെ ആരോഗ്യ മന്ത്രാലയം കൈമാറിയ വിവരങ്ങളിൽ വ്യക്തമാക്കിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
ഏപ്രിൽ 10നും 17നും ഇടയിലാണ് മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം എന്ന് അറിയപ്പെടുന്ന മെർസ് രോഗത്തിന്റെ പുതിയ മൂന്ന് കേസുകൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടന തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇക്കാര്യം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൗദി തലസ്ഥാനമായ റിയാദിലാണ് പുതിയ മെർസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗം സ്ഥിരീകരിച്ച മൂന്ന് പേരും 56നും 60നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ്. മൂന്ന് പേർക്കും നേരത്തെ മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. അതേസമയം രോഗം സ്ഥിരീകരിച്ചവരിൽ ആരും ആരോഗ്യ പ്രവർത്തകർ അല്ലെന്നും ലോകാരോഗ്യ സംഘടന അറിയിക്കുന്നു.
റിയാദിലെ ഒരു ആശുപത്രിയുമായി ബന്ധപ്പെട്ടാണ് രോഗ പകർച്ച ഉണ്ടായത്. എന്നാൽ ആദ്യ രോഗിക്ക് എങ്ങനെ രോഗം ബാധിച്ചു എന്ന് കണ്ടെത്താൻ അന്വേഷണങ്ങൾ ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. ആദ്യമായി രോഗം സ്ഥിരീകരിച്ച ആളുമായി സമ്പർക്കത്തിൽ വന്നവരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പുതിയ രണ്ട് കേസുകൾ കൂടി കണ്ടെത്തിയത്.