മെക്സിക്കോ: രണ്ട് ദശാബ്ദത്തിനിടയിലുണ്ടായ ശക്തമായ ജിയോമാഗ്നെറ്റിക് സ്ട്രോമിന് പിന്നാലെയുണ്ടാ സൗര കൊടുങ്കാറ്റിന്റെ ഭാഗമായി അപൂർവ്വ രീതിയിൽ നോർത്തേൺ ലൈറ്റ്സ് എന്ന നോർത്തേൺ ഔറ ദൃശ്യമായതിന്റെ അമ്പരപ്പിൽ നിരവധി രാജ്യങ്ങൾ. സാധാരണ ഗതിയിൽ നോർത്തേൺ ലൈറ്റ്സ് അഥവ ധ്രുവ ദീപ്തി ലഭ്യമാകാതിരുന്ന ഇടങ്ങളിലടക്കം ഈ പ്രതിഭാസം ലഭ്യമായത് ശാസ്ത്ര കുതുകികൾക്ക് ഏറെ ആവേശം നൽകിയെന്ന് വ്യക്തമാക്കുന്നത് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ.
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും മെക്സിക്കോയിലും റഷ്യയിലും ഹംഗറിയിലും സ്വിറ്റ്സർലാൻഡിലും ബ്രിട്ടനിലും അമേരിക്കയിലുമെല്ലാം ഈ പ്രതിഭാസം ദൃശ്യമായി. വെള്ളിയാഴ്ച രാത്രിയായിരുന്നു നോർത്തേൺ ലൈറ്റ്സ് ദൃശ്യമായത്. സൂര്യന്റെ അന്തരീക്ഷത്തിൽ നടക്കുന്ന സൗരകൊടുങ്കാറ്റ് വെള്ളിയാഴ്ച വൈകി ആരംഭിച്ച് ഞായറാഴ്ച വരെ നിലനിൽക്കുമെന്നായിരുന്നു ശാസ്ത്രജ്ഞർ വിശദമാക്കിയത്. ഭൂമിയിൽ ഏകദേശം 60 മുതൽ 90 മിനിറ്റ് വരെ ഇതിന്റെ സ്വാധീനമുണ്ടാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതുവരെയുണ്ടായതിൽ രണ്ടാമത്തെ ഏറ്റവും വലിയ സൗരകൊടുങ്കാറ്റാണ് നിലവിലുണ്ടായതെന്നാണ് സൂചന.
അമേരിക്കയിലും കാനഡയിലും യൂറോപ്പിലും ഒക്കെ ഈ ധ്രുവ ദീപ്തി ദൃശ്യമായി. ഇന്ത്യയിൽ ലഡാകിൽ ചെറിയ രീതിയിൽ മാത്രമാണ് ധ്രുവ ദീപ്തി ദൃശ്യമായത്. സൂര്യന്റെ ഉപരിതലത്തിലുണ്ടാവുന്ന വലിയ രീതിയിലുള്ള പൊട്ടിത്തെറികളാണ് സൗരകൊടുങ്കാറ്റുകൾക്ക് കാരണമാകുന്നത്.
ഭൂമിയിലേക്ക് ഊർജ്ജ കണികകളുടെ പ്രവാഹമാണ് ഇതിനേ തുടർന്ന് ഉണ്ടാവുക. ഇവ ഭൂമിയുടെ കാന്തിക വലയത്തിൽ പതിക്കുന്നതോടെ വലിയ കാറ്റുകളായി ഇവ മാറുന്നു. ജിപിഎസ്, സാറ്റലൈറ്റ്, വൈദ്യുതി എന്നിവയെല്ലാം തടസപ്പെടുത്താനുള്ള ശക്തിയുള്ളതാണ് ഈ കൊടുംകാറ്റുകൾ. എന്നാൽ ഇത്തരത്തിലുള്ള വലിയ നാശനഷ്ടങ്ങൾ ഈ സൗരകൊടുങ്കാറ്റുമൂലം സംഭവിച്ചിട്ടില്ലെന്നാണ് ശാസ്ത്ര ലോകം വിലയിരുത്തിയിട്ടുള്ളത്.