കോട്ടയം: മാഞ്ഞൂരിൽ പ്രവാസി വ്യവസായിയും പരിസ്ഥിതി പ്രവർത്തകരും തമ്മിൽ സംഘർഷം. പ്രവാസി വ്യവസായിയായ ഷാജിമോൻ്റെ സ്ഥാപനത്തിനു മുന്നിലെ റവന്യു ഭൂമിയിൽ നിൽക്കുന്ന പ്ലാവ് കരിഞ്ഞു പോയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിനു കാരണം. സംഘർഷം രൂക്ഷമായതിനെ തുടർന്ന് കടുത്തുരുത്തി പോലീസ് സംഭവ സ്ഥലത്തെത്തി ഇരുകൂട്ടരെയും നീക്കുകയായിരുന്നു. ഷാജി മോൻ്റെ ബിസ്സാ ക്ലബ് ഹൗസ് എന്ന സ്ഥാപനത്തിൻ്റെ മുന്നിലെ പ്ലാവ് കരിഞ്ഞ് പോയതിനു പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാവിലെ ഒരു കൂട്ടം പരിസ്ഥിതി പ്രവർത്തകർ എത്തിയിരുന്നു.ഇത് ചോദ്യം ചെയ്ത് ഷാജിമോനും കൂട്ടാളികളും അക്രമിക്കുകയായിരുന്നെന്ന് സമരക്കാർ പറയുന്നു. ഇതിനു പിന്നിൽ കൃത്യമായ ഗൂഢാലോചന ആണെന്നും
ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ തൻ്റെ സ്ഥാപനം തകർക്കാൻ മനപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായാണ് ഷാജി മോൻ്റെ വാദം.എന്നാൽ ഷാജി മോൻ ശാരീരികമായി ഉപദ്രവിച്ചെന്ന് കാട്ടി വനിത പരിസ്ഥിതി പ്രവർത്തക പോലീസിൽ പരാതി നൽകിയിട്ടുണ്ട്.കെട്ടിട ലൈസൻസിനെ ചൊല്ലി പഞ്ചായത്തിനു മുന്നിൽ സമരം ചെയ്ത ഷാജി മോൻ്റെ പ്രതിഷേധം വാർത്ത ശ്രദ്ധ നേടിയിരുന്നു. കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യിപ്പിച്ചതിൻ്റെ പ്രതികാരമായി രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും തന്നെ ഉപദ്രവിക്കുന്നതായിയും ഷാജി മോൻ ആരോപിച്ചിരുന്നു.