മൂവാറ്റുപുഴ: വാറ്റുപുഴയിൽ എട്ട് പേരെ അക്രമിച്ച വളര്‍ത്തുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായ ഇന്നലെ ചത്തിരുന്നു. ഇതിനുപിന്നാലെ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇന്ന് വൈകിട്ട് മൂവാറ്റപുഴ നഗരസഭയില്‍ അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നു.
നായയുടെ കടിയേറ്റവര്‍ സുരക്ഷിതരാണെന്നും ആശങ്ക വേണ്ടെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു. കടിയേറ്റവര്‍ക്ക് ഇതിനോടകം രണ്ടു തവണ വാക്സിനേഷൻ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കടിയേറ്റവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. കൗണ്‍സില്‍ യോഗത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂവാറ്റുപുഴ നഗരസഭയിലെ മുഴുവൻ തെരുവ് നായകൾക്കും നാളെയും മറ്റന്നാളുമായി വാക്സിനേഷൻ നൽകുമെന്ന് നഗരസഭ ചെയർമാൻ പി പി എൽദോസ് പറഞ്ഞു. നായ സഞ്ചരിച്ച പ്രദേശത്തെ നായകള്‍ക്കും വാക്സിൻ നല്‍കും. നഗരസഭ അടിയന്തര യോഗത്തിനുശേഷമാണ് തെരുവ് നായകള്‍ക്ക് കുത്തിവെപ്പ് നല്കാൻ തീരുമാനിച്ചത്.
നാളെ രാവിലെ 6 മണിയോടെ വാക്സിനേഷൻ ആരംഭിക്കും. ഇതിനായി കോട്ടയത്ത് നിന്നും പ്രത്യേകസംഘം രാവിലെ എത്തും. പേ വിഷബാധ ഏറ്റവും നായയുടെ സാന്നിധ്യം ഉണ്ടായ നാലു വാർഡുകളിലെ തെരുവ് നായകളെ പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി നിരീക്ഷിക്കുമെന്നും പിപി എല്‍ദോസ് പറഞ്ഞു.
ഇന്നലെ മൂവാറ്റുപുഴ നഗരസഭയുടെ സംരക്ഷണ കേന്ദ്രത്തിൽ നിരീക്ഷിച്ചു വരികെയാണ് നായ ചത്തത്. നായയുടെ കടിയേറ്റ എട്ടുപേരും ഇപ്പോഴും നിരീക്ഷണത്തിൽ കഴിയുകയാണ്. നായക്ക് പേവിഷബാധ പ്രതിരോധ കുത്തിവെപ്പെടുക്കാത്തതിനെ തുടർന്ന് ഉടമയ്ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. തെരുവുനായ ആണ് ആക്രമിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.
പിന്നീടാണ് ആക്രമിച്ചത് തെരുവുനായ് അല്ലെന്നും വളര്‍ത്തു നായ ആണെന്നും നഗരസഭ വ്യക്തമാക്കിയത്. നായയുടെ ചങ്ങല അഴിഞ്ഞുപോവുകയായിരുന്നു. വളര്‍ത്തു നായയാണ് ആക്രമിച്ചതെന്ന് നായയുടെ ഉടമയും സമ്മതിച്ചുവെന്ന് മൂവാറ്റുപുഴ നഗരസഭ അധികൃതര്‍ വിശദമാക്കിയിരിക്കുന്നു. വഴിയാത്രക്കാർക്കും കുട്ടികൾക്കും ജോലിക്ക് പോയവർക്കും നേരെയാണ് നായയുടെ ആക്രമണമുണ്ടായത്.