കോട്ടയം: പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയ്‌ക്കെതിരെ മെയ് 21 ന് നടത്തുവാനുദ്ദേശിക്കുന്ന ക്‌നാനായ ഭരണ ഘടനാ ഭേദഗതി സമുദായത്തിന്റെ ഭാവിയുടെ അന്ത്യം കുറിക്കുമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപൊലീത്ത പറഞ്ഞു. ചിങ്ങവനം ജയ്‌സീസ് ക്ലബ് ഓഡിറ്റോറിയത്തില്‍ ക്‌നാനായ അന്ത്യോഖ്യന്‍ സംരക്ഷണ സമിതിയുടെ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്‌നാനായ സമുദായം എക്കാലവും അന്ത്യോഖ്യന്‍ സിംഹാസനത്തോടൊപ്പം ഉറച്ചു നില്‍ക്കുമെന്ന് കുര്യാക്കോസ് മോര്‍ ഗ്രിഗോറിയോസ് പ്രഖ്യാപിച്ചു. യോഗത്തില്‍ കുറിയാക്കോസ് മോര്‍ ഗ്രിഗോറിയോസ് അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മോര്‍ ഇവാനിയോസ് മെത്രാപ്പെലീത്ത മുന്‍ സമുദായ ട്രസ്റ്റിമാരായ കെ കെ കുരുവിള കേളചന്ദ്ര , കമാന്‍ഡര്‍ റ്റി ഒ ഏലിയാസ് , മുന്‍ സമുദായ സെക്രട്ടറി ഏലിയാസ് സഖറിയ പാറേല്‍ , പി കെ സ്‌കറിയ കുന്നത്ത് , മനീഷ് ജോയി , എന്നിവര്‍ പ്രസംഗിച്ചു. യോഗത്തിന് ശേഷം ചിങ്ങവനം മോര്‍ അപ്രേം സെമിനാരിയിലേക്ക് പ്രതിഷേധ മാര്‍ച്ചും അന്ത്യോഖ്യായ വിശ്വാസ പ്രതിജ്ഞയും നടന്നു. യോഗത്തില്‍ ആയിരക്കണക്കിന് അന്ത്യോഖ്യായ വിശ്വാസികളായ ക്‌നാനായക്കാര്‍ പങ്കെടുത്തു.