ഡല്‍ഹി : രാഹുല്‍ ദ്രാവിഡിന്റെ പിൻഗാമിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് സ്റ്റീഫൻ ഫ്ളെമിങ്ങിനെ പരിഗണിക്കാൻ ബി.സി.സി.ഐ.നീക്കമെന്ന് റിപ്പോർട്ട്. ന്യൂസീലൻഡ് മുൻ ക്യാപ്റ്റനും നിലവില്‍ ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലകനുമാണ് ഫ്ളെമിങ്. ടീം ഇന്ത്യയെ നയിക്കാൻ പ്രാപ്തനായ പരിശീലകനാണ് ഫ്ളെമ്മിങ്ങെന്നാണ് ബി.സി.സി.ഐ. ഉന്നതവൃത്തങ്ങളിലെ വിലയിരുത്തല്‍. ഇതുസംബന്ധിച്ച് അനൗദ്യോഗിക ചർച്ചകള്‍ നടന്നതായും ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം പരിശീലകനാവണമെങ്കില്‍ ഫ്ളെമിങ് അപേക്ഷ സമർപ്പിക്കേണ്ടിവരും. അപേക്ഷ ക്ഷണിച്ചും യോഗ്യതാ മാനദണ്ഡങ്ങള്‍ വിശദീകരിച്ചും കഴിഞ്ഞദിവസം ബി.സി.സി.ഐ. രംഗത്തെത്തിയിരുന്നു. ഇതുപ്രകാരം അപേക്ഷിച്ചവരില്‍നിന്ന് മാത്രമാണ് പരിശീലകനെ തിരഞ്ഞെടുക്കുക. ദ്രാവിഡിന് താത്പര്യമുണ്ടെങ്കില്‍പ്പോലും വീണ്ടും അപേക്ഷിക്കണമെന്നായിരുന്നു ബി.സി.സി.ഐ. പറഞ്ഞിരുന്നത്. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി മൂന്ന് ഫോർമാറ്റുകളിലും പരിശീലകനായി തുടരുകയും വേണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2009 മുതല്‍ ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലകനാണ് ഫ്ളെമിങ്. ബിഗ്ബാഷില്‍ മെല്‍ബണ്‍ സ്റ്റാർസിന്റെയും എസ്.എ.20-യില്‍ ജോബർഗ് സൂപ്പർ കിങ്സിന്റെയും കോച്ചാണ്. ഫ്ളെമിങ്ങിന്റെ പരിശീലനരംഗത്തെ കഴിവും കളിക്കാരെ വാർത്തെടുക്കാനുള്ള പ്രാപ്തിയും അനുകൂല പരിതസ്ഥിതിയൊരുക്കുന്നതിലും വിജയനിരക്കിലുമുള്ള മികവുമാണ് ബി.സി.സി.ഐ.യെ ആകർഷിച്ചത്. ഫ്ളെമിങ്ങുമായി ഇതിനകംതന്നെ അനൗദ്യോഗിക ചർച്ചകള്‍ നടത്തിയെന്നാണ് റിപ്പോർട്ട്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ വി.വി.എസ്. ലക്ഷ്മണും ബി.സി.സി.ഐ.യുടെ പരിഗണനയിലുണ്ട്. എന്നാല്‍ ലക്ഷ്മണ്‍ അപേക്ഷ നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.ജൂണില്‍ യു.എസ്.എ.യിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പ് കഴിയുന്ന മുറയ്ക്കാണ് രാഹുല്‍ ദ്രാവിഡിന്റെ കാലാവധി അവസാനിക്കുക. ഏകദിന ലോകകപ്പ് വരെയുണ്ടായിരുന്ന കരാർ, ബി.സി.സി.ഐ. ഇടപെട്ട് ടി20 ലോകകപ്പ് വരെ നീട്ടുകയായിരുന്നു. ദ്രാവിഡിനു കീഴില്‍ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഫൈനലില്‍ പ്രവേശിച്ചു. 2022 ടി20 ലോകകപ്പ് സെമി ഫൈനലിലുമെത്തി.