ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് കയ്യേറ്റം ചെയ്തെന്ന പരാതിയിൽ സ്വാതി മലിവാൾ എംപിക്കെതിരെ പിഎ പി.എ ബിഭവ് കുമാർ. കെജ്രിവാളിന്റെ ഓഫീസിൽ ഒരു മണിക്കൂർ സ്വാതി മലിവാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് ബിഭവ് കുമാർ ആരോപിച്ചു. കൂടിക്കാഴ്ചയ്ക്ക് അനുമതി ഇല്ലായിരുന്നു. എന്നാൽ മുഖ്യമന്ത്രി താമസിക്കുന്ന പ്രധാന കെട്ടിടത്തിന് പുറത്തുള്ള സ്വീകരണ മുറിയിലേക്ക് സ്വാതി ആദ്യം അതിക്രമിച്ച് കയറി. സുരക്ഷ ജീവനക്കാരോട് കയർത്തു.
അകത്തേക്ക് കയറുന്നത് തടഞ്ഞ ഇവരെ തള്ളിമാറ്റി പ്രധാന കെട്ടിടത്തിലേക്ക് കയറിയെന്നും ബിഭവ് കുമാർ പറയുന്നു. അതിക്രമിച്ച് കയറിയ സ്വാതിയെ സുരക്ഷ ജീവനക്കാർ പുറത്തേക്ക് മാറ്റി. ഇതോടെ സ്വാതി ദില്ലി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് തന്നെ ആക്രമിച്ചെന്ന് അറിയിക്കുകയായിരുന്നു. സ്വാതിയുടെ പരാതി വ്യാജമെന്നും ബിഭവ് കുമാർ പറഞ്ഞു. ബിഭവും സ്വാതിക്കെതിരെ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. സ്വാതി തന്നെ മര്‍ദ്ദിച്ചുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. ബിഭവിനെതിരായ ആരോപണത്തില്‍ പൊലീസ് നടപടി കടുപ്പിച്ച സാഹചര്യത്തിലാണ് എതിര് നീക്കങ്ങള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിഭവ് കുമാർ തന്റെ തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വസതിയിലെ മുറിയിലൂടെ വലിച്ചിഴച്ചെന്നുമായിരുന്നു സ്വാതി മലിവാള്‍ എംപിയുടെ പരാതി. ഇക്കാര്യം എംപി പൊലീസിന് മൊഴിയും നൽകിയിട്ടുണ്ട്. സ്വാതിയെ കെജ്രിവാളിന്റെ വസതിയിലെത്തിച്ച് പോലീസ് കഴിഞ്ഞ ദിവസം തെളിവെടുത്തിരുന്നു. അതേസമയം ആം ആദ്മി പാർട്ടി ബിഭവിന്റെ ഭീഷണിയിലാണെന്ന് സ്വാതി ആരോപിച്ചു. ബിഭവ് അറസ്റ്റിലായാൽ കെജ്രിവാളിന്റെ എല്ലാ വിവരങ്ങളും പുറത്ത് വിടുമെന്ന് ഭീഷണിയുണ്ടെന്നും സ്വാതി പറയുന്നു.