ചണ്ഡീഗഡ്: ഹരിയാനയിൽ തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് പേർ വെന്തുമരിച്ചു. ഹരിയാനയിലെ കുണ്ഡലി-മനേസർ-പൽവാൽ എക്സ്പ്രസ് വേയിൽ ശനിയാഴ്ച പുലർച്ചെ 1.30ഓടെയാണ് ദാരുണ അപകടം സംഭവിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ മഥുരയിലും മറ്റ് തീർഥാടന കേന്ദ്രങ്ങളിലും സന്ദർശനം നടത്തി മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. പഞ്ചാബ് സ്വദേശികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60 ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ 1.30ഓടെ ബസിന്റെ പിൻഭാഗത്ത് നിന്നും തീ പടർന്നാണ് അപകടം സംഭവിച്ചത്. ബസിന്റെ പിൻഭാഗത്ത് പുകയും തീയും ശ്രദ്ധയിൽപ്പെട്ട ഒരു ബൈക്ക് യാത്രികനാണ് വിവരം ബസിലുള്ളവരെ അറിയിച്ചത്. ബസ് നിർത്തി ആളുകളെ ഇറക്കുമ്പോഴേക്കും തീ പടർന്ന് പിടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
10 ദിവസത്തെ തീർഥാടന യാത്രയുടെ അവസാന ദിവസമാണ് അപകടം സംഭവിച്ചത്. തങ്ങൾ വാടകയ്ക്ക് എടുത്ത ബസാണ് അപകത്തിൽപ്പെട്ടതെന്നും യുപിയിലെ തീർഥാടന കേന്ദ്രങ്ങളിലെ സന്ദർശനം കഴിഞ്ഞ് വെള്ളിയാഴ്ച രാത്രിയോടെയാണ് ഉത്തർപ്രദേശിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചതെന്നും അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ പറഞ്ഞു.
ബസിന് തീപിടിച്ചത് കണ്ട് നാട്ടുകാര് ഓടിയെത്തി യാത്രികരെ ഇറക്കിയെങ്കിലും 8 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇവർ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ബസ് നിർത്തിയ ശേഷം നാട്ടുകാർ പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിക്കുകയും തീ അണയ്ക്കാനും ആളുകളെ രക്ഷിക്കാനും ശ്രമിച്ചു.
അതേസമയം ബസ് പൂർണമായും കത്തിനശിച്ചതിന് ശേഷം മൂന്ന് മണിക്കൂറിന് ശേഷമാണ് ഫയർഫോഴ്സ് എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. ബസിന്റെ ചില്ല് തകർത്താണ് പലരേയും പുറത്തെത്തിച്ചത്. പൊലീസിനെ ആദ്യം അറിയിച്ചെങ്കിലും അവരും എത്തിയത് ഏറെ നേരം വൈകിയാണെന്ന് നാട്ടുകാർ ആരോപിച്ചു.